2013 ഒക്‌ടോബർ 23, ബുധനാഴ്‌ച
..അമ്മേടെ തല...
ഒരു ദിവസം ഉച്ചയ്ക്ക്,
പാലുത്തേക്കിൽ
ഉപ്പ് കരച്ചപ്പോൾ
അച്ഛനമ്മയോടൊരു-
കഥ പറഞ്ഞു...
വടക്കെങ്ങാണ്ട് ഒരുത്തൻ
പെണ്ണുമ്പിള്ളയുടെ
തലവെട്ടിയെടുത്ത്
മുടിയിൽ തൂക്കിപ്പിടിച്ച്
സ്റ്റേഷനിൽ ചെന്ന് കീഴടങ്ങിയെന്ന്
മുക്കിലാരാണ്ട് പറഞ്ഞെന്ന്..
നിന്നെയൊക്കെ അങ്ങനെ ചെയ്യണം
എന്ന് അടിവരയിട്ടപ്പോ
അമ്മയൊരുകൂട്ടം ഭാഷ പറഞ്ഞിട്ട്
അകത്തേക്ക് പോയി...
അച്ഛനുരുട്ടിത്തന്ന
ഉരുളയിറങ്ങാതെ
ഉമിനീരു വിക്കി ഞാൻ
ചോറു തുപ്പി..
അന്നുറങ്ങാൻ
കണ്ണടയ്ക്കുമ്പോളൊക്കെ
അമ്മയുടെ തലയും തൂക്കി
അച്ഛനെങ്ങോട്ടോ
നടന്നു പോകുന്നു...
അതിൽ പിന്നെ ഞാൻ
എന്റെ മുയൽക്കുഞ്ഞിനേ
ചെവിയിൽ തൂക്കിയെടുത്തിട്ടില്ല
മുട്ടമുടങ്ങിയ
എന്റെ ചാരത്താറാവിനെ
കഴുത്തിൽ തൂക്കിയെടുത്തിട്ടില്ല
അയലത്തെ
പൂച്ചക്കുഞ്ഞിനേ
പൂഞ്ഞിയിൽ തൂക്കി
കളിപ്പിച്ചിട്ടില്ല..
അമ്പലത്തിൽ
പായസത്തിന്
കാതുള്ള പാത്രം
കൊണ്ടുപോയിട്ടില്ല..
റേഷൻ കടയിൽ നിന്നും
അരിവാങ്ങി
തലയിൽ വച്ചേ
കൊണ്ടുപോയിട്ടുള്ളൂ...
എന്തോ പറഞ്ഞു തെറ്റിയപ്പോൾ
നിന്റെ അമ്മേടെ തല എന്നു പറഞ്ഞ
വല്ല്യച്ഛന്റെ മോനെ
കല്ലുകിട്ടാഞ്ഞ കലിപ്പിൽ
ചാണകം വാരി എറിഞ്ഞിട്ടുണ്ട്...
പിന്നീട്
അച്ഛനന്നു പറഞ്ഞത്
എങ്ങാണ്ട് നടന്നതല്ലേ
എന്റെ അമ്മയേ
അച്ഛനങ്ങനെയൊന്നും ചെയ്യില്ലെന്ന്
സമാധാനിച്ചെങ്കിലും
അമ്മയില്ലാതായ
ആ മോൻ
ഞാനായിരുന്നെങ്കിലോ
എന്നോർത്ത്
ചുമ്മാതെ
കരഞ്ഞിട്ടുണ്ട്....