2012, മാർച്ച് 31, ശനിയാഴ്‌ച

‎......ചാമ്പൽ.......


കാലത്തോലവല്ലവും
കുറ്റിച്ചൂലുമായി അമ്മ
മരങ്ങൾ തിങ്ങിയ
അയല്പുരയിടം തേടും,
കരിയില തൂക്കാൻ.

ചൂലും കരിയിലയും തമ്മിൽ
ആടും ഇടയനും കളിച്ചൊടുവിൽ
വാരിയെല്ലു തെളിയിച്ച് തലയിലാ
ഓലവല്ലവുമായി അമ്മ മടങ്ങും.

അമ്മവന്ന് അടുപ്പിൽ കലംവച്ചിട്ട്
പാഴിലകൾക്ക് പട്ടടയൊരുക്കും.

അടുപ്പിലെരിഞ്ഞടിഞ്ഞ ചാമ്പലായിരുന്നു
അമ്മയുടെ സമ്പാദ്യം

അയലത്ത് അരിവന്ന
ക്വിന്റലുചാക്കുകൾ വാങ്ങി
അവയിൽ നിറച്ച ചാമ്പൽ
ഇടവത്തിലലവന്ന ഏത്തവാഴക്ക്
വളമാക്കാൻ അമ്മ വിൽക്കും.

അത് പിടുങ്ങാൻ വരുന്ന അച്ഛന്റെ മുന്നിൽ
മുടിയഴിച്ചമ്മ ചുടലഭദ്രയാകും.

അമ്മയിന്നലെ
ജലശയ്യയിലുറക്കം വരാതെ
എന്റെ ചാമ്പലെന്നു പുലമ്പിയത്
അവസാനത്തെ എരിഞ്ഞൊടുങ്ങലാവുമോ...?

അമ്മപോയാൽ..
ആ ചാമ്പൽ ഞാന്
ഒരു ഗംഗയിലുമൊഴുക്കില്ല

പത്തുപടല കായ്ക്കുന്നൊരു
ഏത്തവാഴയ്ക്ക്
എന്റെ അമ്മ വളമാവണം.

അമ്മയ്ക്കുമതാവും
സന്തോഷം.

2012, മാർച്ച് 5, തിങ്കളാഴ്‌ച

‎........ചെരുപ്പ്......

ചെരുപ്പ് ഒരാഡംബരമാണെന്നായിരുന്നു
അമ്മയുടെ പക്ഷം
പകലറുതിയിൽ പാടത്തു നിന്നും
ചേറിന്റെ ചെരുപ്പണിഞ്ഞ്
വലം തോളിൽ കലപ്പയുമായി
വരുന്ന അച്ഛനേ ചൂണ്ടി
അത് നമുക്ക് അന്യമെന്നമ്മ പറഞ്ഞു

എന്നിട്ടും
കൂട്ടുകാരുടെ കാലുകളിൽ
പല പല പാദുകങ്ങൾ കാണുമ്പോൾ
അടക്കാനാവാത്ത ഒരഭിനിവേശം
അവയോടുണ്ടായിരുന്നു.

മനപ്പൂർവ്വം കുപ്പിച്ചില്ലിൽ
കാൽ ചവിട്ടി
നോവുന്നെന്ന് നിലവിളിയഭിനയിച്ച്
മുട്ടയിടുന്നൊരു പിടക്കോഴിയെ
കിട്ടിയ കാശിനു വിൽപ്പിച്ച്
പേരില്ലാത്തൊരു "സിൽപ്പർ" ചെരുപ്പ്
ഞാനും സ്വന്തമാക്കി...

മാസമെത്താതെ വാറുപൊട്ടി
വണ്ടിക്കവ വീലായി
എങ്കിലും
ചെരുപ്പെന്നാൽ അഭിനിവേശമായിരുന്നു എനിക്ക്
(അമ്മയ്ക്ക് ആഡംബരവും)

പറങ്കിമാം ചുവടുകൾ തെണ്ടിപ്പെറുക്കി
പുത്തനൊരു പൂട്ടുചെരുപ്പിനു
കോപ്പ്കൂട്ടിയത്
മഴയുള്ളൊരു ദിവസം അച്ഛനെടുത്ത്
പട്ടബാബു അണ്ണന്റെ പറ്റു തീർത്തു

ഒടുവിൽ
എട്ടാം ഉൽസവത്തിന്,
ഉൽസവബലി തൊഴാൻ പോയ
ഏതോ ഒരു
എന്റെ പ്രായക്കാരന്റെ
പുത്തൻ ബാറ്റാ ചെരുപ്പുമിട്ട്
ഒറ്റയൊരോട്ടം വച്ചു കൊടുത്തു
തിരിഞ്ഞു നോക്കാതെ...

2012, മാർച്ച് 4, ഞായറാഴ്‌ച

..... ഡയറി....

.....നിന്റെ സ്വകാര്യ പുസ്തകത്തിൽ
ഒരു പുറം എനിക്കായി
മാറ്റി വച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.

നീയറിയാതെ ഞാനിന്നതൊന്നു-
മറിച്ചു നോക്കി.

മറ്റുപേജുകളിൽ എഴുതി നിറയ്ക്കുമ്പോൾ
തെളിയാതായ പേന
കുത്തിവരച്ച് തെളിയിക്കാൻ നോക്കിയ
വികൃതമായ കുറേ
കോറിവരകൾ മാത്രം അവിടെ.....