2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

സയനൈഡ്

നീയുരുക്കിയപൊന്നിന്‌
മാറ്റേറെയെന്ന്കുശുമ്പുപറഞ്ഞവർ
നീ കൊഴിഞ്ഞുകിടന്നതെരുവിൽ,
നിന്നെകാണാത്തകണ്ണുകൾ
നിന്റെ ശവപ്പെട്ടിചുമക്കാൻ
തിക്കിതിരക്കുമ്പോൾ

ആകാശത്ത്
ചരിത്രം പടച്ചവിരലുകളാൽ
മുടികോതി നീനിൽക്കുന്നു..

ആചാരവെടിയെന്നപേരിൽ
നിന്റെയാത്മാവിനെക്കൂടി
ചുട്ടുവീഴത്താൻശ്രമിക്കുമ്പോൾ
അന്തരിച്ചിട്ടുംഅസ്തമിക്കാത്ത
കാവ്യസൂര്യന്റെ തപംതണുപ്പിക്കാനാവും
അവർ നിന്നെഅഞ്ചുനാൾ
ഫ്രീസറിൽ വച്ചത്


കള്ളിൽ മുങ്ങി
കവിതയുടെമുത്തുവാരിയ
കറുത്തദ്രാവിഡാ..
നിന്റെയാത്മാവ്
ബലിച്ചോറുതിന്നാൻ
കാകനായ്അവതരിക്കില്ല

കവികല്പവൃക്ഷങ്ങളിൽ
ദുരനുഭവങ്ങളുടെ
കാളത്തുടയെല്ലിനാൽ
താഢനമേറ്റ്
പരാജയത്തിന്റെ
തിരുമുറിവുകളിൽ നിന്നും
ഊറുന്ന കയ്ക്കുന്ന
കവിതനീരിന്റെലഹരിനുണയാൻ
കരിവണ്ടായ്നീ വരും

അന്ന്
പ്രണയികൾ നിന്നേ
വാഴ്ത്തപ്പെട്ടവനെന്ന്സ്തുതിക്കും
നിന്റെ സഖിഗ്രീഷ്മം
തിളയ്ക്കുന്നപകലുകൾ
നിനക്കായ്കാത്തുവയ്ക്കും
സിരകളിൽ കവിതയുള്ളവർ
നിന്റെ നാവേറ് പാടും

അതുവരെ
നിനക്കുവേണ്ടിഈ വിഷം
ഞാൻ കുടിച്ചുകൊണ്ടേയിരിക്കും
ഞാനും നിന്റെകൂട്ടുകാരനാവുന്നത് വരെ...

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

മുത്തശ്ശിതെങ്ങ്

തെക്കേമുറ്റത്ത്
തടം നിറയെവളവുമായി
നനവുവറ്റാത്ത മണ്ണിൽ
എന്റെ മുത്തശ്ശി...


മൂന്ന് പതിറ്റാണ്ടിന്റെ
മൂപ്പെത്തിയ പൊക്കത്തിൽ
കരിയ്ക്കും,വെള്ളക്കയും
അടർത്താൻപാകമായതും....


മുത്തശ്ശന്റെ ''പാറോതി''....
ശേലുള്ളവളെന്നും
സ്നേഹമുള്ളവളെന്നും
ചാണകം മെഴുകിയ
തറയിലെ തപസ്സിൽ
ആത്മഗതം ശരീരിയാകും....


കള്ളുമൂക്കുന്ന
കാളരാത്രികളിൽ
പലരോടുള്ള പരിഭവം
തെറിമുതൽ
പാഴാങ്കംവരെയുള്ള
പലവിതാനങ്ങളിൽ
മറുപടിതേടാതെ
പറയുവാനൊരാശ്രയം.....


''ഇട്ടേച്ച്പോയല്ലോടീ
കഴുവെറടാമോളേ''...
എന്ന കുറ്റപ്പെടുത്തലിന്‌
പച്ചോലയാട്ടി
മറുപടിചൊല്ലിയെന്ന്
വെറുതേ ആശിക്കും.....


വഴിയളന്നുള്ള
വരവുകാണുമ്പോൾ
തലയിളക്കി
കാറ്റിലാടുന്നത്
മുടിയഴിച്ചുള്ള
പഴയകോപത്തോട്
സമംചേർക്കും....


കൊതവെട്ടിയ മൂപ്പരെ
ചെവിപൊട്ടുംവരെ
തെറിപറഞ്ഞിട്ട്
മുറിവായിൽ പച്ചമണ്ണ്
കണ്ണീരിൽചാലിച്ച് തേച്ചത്
ഇന്നുമെന്റെ കൺമുന്നിലുണ്ട്....


പൊരുളറിയാത്തൊരാ-
ത്മബന്ധമെന്ന്
ചെറുവാചകത്തിൽ
ഉപന്യസിച്ചാൽ
തെറ്റെന്ന് സമർത്ഥിക്കാൻ
ഇന്ന് മുത്തശ്ശനുമില്ല...


വിരഹംകൊണ്ട്
വേലികെട്ടി
പ്രണയംകൊണ്ട്
നനയ്ക്കുവാനാളില്ലാതെ
എള്ളിനും ചേമ്പിനുമൊപ്പം
പട്ടുപോയൊരു
പട്ടടതെങ്ങായിമാറി
എന്റെ മുത്തശ്ശനും....

തിരികെവരാത്തവർ

പിതൃക്കൾക്ക്
ശ്രാദ്ധമൂട്ടാൻ
പുഴതേടിപ്പോയ
അച്ഛൻ.............



കിണറാഴം
വിഷാദത്തിന്ന്
മരുന്നാക്കിയ
മുത്തശ്ശി............



എതിർപാട്ടിൽ
ശ്രുതിചേർന്നില്ലെന്ന്
പിണങ്ങിപറന്ന
കുയിൽ................




ഓണപ്പൂവ്
തേടിപോവുമ്പോൾ
കാമപാമ്പ്
കൊത്തിമരിച്ച
കുഞ്ഞുപെങ്ങൾ



കുട്ടിനിക്കർമുഴപ്പിച്ച
കഴ്ച്ചയ്ക്കൊപ്പം
വിട്ടെറിഞ്ഞ്പോയ
ബാല്യം.............


അരച്ചാൺ ചരടിന്റെ
അപ്പുറത്തേക്ക്
അലങ്കരിച്ചകാറിൽ പോയ
കാമുകി.........................


ടിപ്പർക്കണ്ണുകൾക്ക്
ഇടയിലേക്ക്
ബിവറേജടയ്ക്കും മുൻപ്
ബൈക്കുമായ് പോയ
കൂട്ടുകാരൻ.............