2010, മേയ് 26, ബുധനാഴ്‌ച

അമ്മ



ഉള്ളിലെരിയുന്ന അഗ്നിക്കുമീതെ......
കഞ്ഞിക്കലത്തെ വയ്ച്ച്.......
കണ്ണുനീരൂറ്റി കലം നിറച്ച്.....
നല്ലകാലത്തിൻ പ്രതീക്ഷയെ
മുന്നാഴി അളന്നിട്ട്........
ഉരിയരി മിച്ചം വയ്ച്ച്.....
വേവിച്ച്....
വേവിച്ച്....

- സുനിലൻ

ഒരുവേള അറപ്പോടെ നീ എന്നെ തോണ്ടിയെറിഞ്ഞു ചവിട്ടിമെതിച്ചാൽ...........?




സഖീ...... നമ്മൾ മരിക്കുകയാണെങ്കിൽ..........?
നമുക്ക്സ്വർഗം ലഭിക്കണെ എന്നാണെന്റെ പ്രാർത്ഥന.
നിനക്കുസ്വർഗ്ഗവും എനിക്കുനരകവുമാണെങ്കിൽ
നിന്റെ സ്വർഗ്ഗീയ സുഖങ്ങളോർത്ത്
എന്റെ നരകയാതന ഞാൻ സഹിക്കും.......!!
ഏരിതീയിലും,വറചട്ടിയിലും
എനിക്കുനിന്നോർമ്മകൾകുളിർകാറ്റാകും......
മറിച്ചാണെങ്കിൽ.....................?
നിന്റെപാപങ്ങൾ ഏറ്റെടുത്ത്,
എന്റെപുണ്യങ്ങൾ നിനക്കുനൽകി
നിന്നേഞാൻ സ്വർഗ്ഗസ്ത്ഥയാക്കും.......!!

മറുജന്മമുന്റെങ്കിൽ........?
ഒരുമിച്ചാകണേ എന്നാണെന്റെ പ്രാർത്ഥന.....
പുണ്യവതി നീ മനുഷ്യസ്ത്രീയും
പാപിയായ ഞാൻ പുഴുവുമായാൽ..........?
നിന്റെ തലോടലേറ്റ പനിനീർചെടിയുടെ
ഇലകളിൽ ഞാൻഇഴഞ്ഞുനടക്കും
ഒരുവേള അറപ്പോടെ നീ എന്നെ തോണ്ടിയെറിഞ്ഞു
ചവിട്ടിമെതിച്ചാൽ...........?
നീ വീണ്ടും പാപിയായാൽ........
ഇല്ല അതിനുഞാൻ സമ്മതിക്കില്ല
എന്റേതൊരു ആത്മഹത്യയായിരുന്നെന്ന്
ദൈവത്തിനു ഞാൻ സത്യവാങ്ങ്മൂലം
നൽകിയെക്കാം..................

- സുനിലൻ കളീക്കൽ

സഹയാത്രികൻ




അമ്മയെന്നെ പ്രസവിച്ച മാത്രയിൽ..
അമ്പരപ്പിൽ കരയുന്ന വേളയിൽ..
കണ്ടു ഞാനെൻ മരണമേ നീയെന്റെ
പിഞ്ചുഝായയിൽ പതുങ്ങിക്കിടപ്പത്..

മുട്ടുകാലിൽ ഇഴഞ്ഞപ്പോഴും പിന്നെ
പിച്ചവച്ചു നടപ്പോഴും എന്റെ
തൊട്ടുപിന്നിൽ നിതാന്ത ജാഗ്രത്തുമായ്
കൊച്ചിലേമുതൽ കാണുന്നു ഞാൻ നിന്നെ..

പഞ്ഞമാസ പെരുമഴക്കാലത്ത്
തോട്ടിലെ കുളിർ വെള്ളത്തിലാഴ്ത്തിയും
കൊള്ളിയാനിൽ, ഇടിമുഴക്കങ്ങളിൽ
ഉള്ളുപൊള്ളിച്ചുറക്കം കെടുത്തിയും..

വാതപിത്തകഫജന്യ രോഗങ്ങൾ
മാറി മാറി പരീക്ഷിച്ച് നോക്കിയും
മാറിലെ തുടിത്താളം കെടുത്തുവാൻ
ഏറെ ഏറെ പരിശ്രമിക്കുന്നു നീ..

എത്രയോ വട്ടമെന്റെ കിനാക്കളിൽ
ഞെട്ടലോടെ കടന്നെത്തിയെൻ
രക്തസമ്മർദ്ദം ഏറ്റിക്കുറച്ചെന്റെ
ഹൃത്തടത്തിലെ നോവായി മാറി നീ..

പട്ടടക്കായ് വളർത്തിയ മാവിനെ
വെട്ടിവീഴ്ത്താൻ മഴുക്കളുമായി നീ
തെക്കിനിയിലെ തിണ്ടിലിരിപ്പെന്ന്
തപ്തനിശ്വാസം എന്നോടുചൊല്ലി..

ഒന്നറിയുക, നീയെൻ മരണമേ..
നിന്റെ ആജ്ഞ അനുസരിച്ചീടുവാൻ
തെല്ലുമേ മടിയില്ലെനിക്കിന്നതിൽ..
ഉള്ളതാനന്ദമെന്നറിഞ്ഞീടുക..

ഈയിരുപ്പിലെൻ ഹൃത്തിലെ സ്പന്ദനം
നീ മുറിച്ചാൽ.. നിലപ്പിച്ചുവെന്നാൽ..
കള്ളമില്ലാതെ കണ്ണീരുവാർക്കാൻ
ഉള്ളതാരെന്നറിയുക നീയും..

ചേറുവാരിക്കളിച്ച സഖാക്കൾ..
ചോരിവായിൽ പാലിറ്റിയ തായും,
ചോരകൊണ്ടു മെനഞ്ഞ ബന്ധങ്ങൾ
ഏറെയുണ്ടെന്റെ ഗാഥകൾ പാടാൻ..

നീയെനിക്കു ശവക്കുഴി തീർത്താൽ..?
മായുകില്ലെന്റെ കാവ്യ പ്രപഞ്ചം..
നൂറുകോടിയിലൊരുത്തനെൻ പാട്ടിൻ..
ശീലുപാടുമെന്നോർക്കുക നീയും..

എൻ പ്രിയർക്കെന്റെ ഓർമ്മകൾ വന്നാൽ..
എന്റെ കാവ്യങ്ങൾ വായിച്ചുവെന്നാൽ..
അന്നെനിക്കു പുനർജ്ജനിയുണ്ടാം..
ചൊല്ലീടാര് വിജിഗീഷുവെന്ന്.. ?

- സുനിലൻ

കൂട്ടം കവിതാ മത്സരത്തിൽ സമ്മാനാർഹമായ കവിത.

2010, മേയ് 25, ചൊവ്വാഴ്ച

ഗുണന പട്ടിക



കണക്കിൽ ഗുണനത്തിനോടാണുപ്രീയം......
പെരുപ്പിക്കലിന്റെ പ്രത്യയശാസ്ത്രം.......
ഉത്തരക്കടലാസ് തിരികെകിട്ടുമ്പോൾ,
അതിലധികവും ഗുണനചിഹ്നങ്ങളായിരുന്നു......

പ്രണയകാലത്ത്,സ്കൂളിന്റെചുവരുകളിൽ
വഴിവക്കിലെ കയ്യാലകളിൽ എല്ലാവരും-
അധികചിഹ്നമിട്ട് പ്രണയിനിയുടെ പേരെഴുതിയപ്പോൾ
ഞാന്മാത്രം അതിനും ഗുണനചിഹ്ന്മുപയോഗിച്ചു......
ഓരോതവണയും പേരുകൾമാറിയെങ്കിലും,
എഴുതാൻ ചോക്കും,ചെങ്കല്ലും,കമ്യൂണിസ്റ്റ് പച്ചയും,
മാറി മാറി ഉപയോഗിച്ചെങ്കിലും
ഗുണനചിഹ്നം മാത്രം മാറാതെസൂക്ഷിച്ചു......


ഭാഷാക്ലാസുകളിൽ വിപരീതപദങ്ങളെമാത്രം സ്നേഹിച്ചു.....
വർഷാന്ദ്യപരീക്ഷകഴിഞ്ഞുപിരിയുമ്പോൾ
പ്രണയം നിരസിച്ചവളുടെ ഉടുപ്പിൽ മഷികുടഞ്ഞതും-
ഗുണനചിഹ്നത്തിലായിരുന്നു........
ചാരായത്തിന്റെ ലഹരിയിൽ കാലും കയ്യുംവിരിച്ച്
കമിഴ്ന്നുറങ്ങുന്ന അച്ഛനുഗുണനചിഹ്നത്തിന്റെ ശേലുണ്ടായിരുന്നു.....
എളിയിൽ കയ്യൂന്നി ഏങ്ങിവലിച്ച് അടുപ്പൂതുന്ന
അമ്മ മാത്രം അധികപറ്റായി.........


ഇപ്പോഴും ഞാൻ ഗുണനത്തെ സ്നേഹിക്കുന്നു.........
ദിർഹം രൂപയാക്കാൻ..........
കടം വാങ്ങിയതിന്റെ പലിശ നോക്കാൻ.............


സുനിലൻ കളീക്കൽ.

വിഭ്രാന്തി



ഇന്നലെ വിരുന്നുകാരുണ്ടായിരുന്നു..........
രണ്ടു വെള്ളക്കാർ........................
പറഞ്ഞാലറിയും... ഷെല്ലിയും,കീറ്റ്സും......
ഒരുപാടുചർച്ച ചെയ്തു.........
ആധുനികം,ഉത്തരാധുനികം,ഫിക്ഷൻ
അങ്ങനെഅങ്ങനെ ഒരുപാട്.........
ഇറങ്ങുമ്പോൾ ഉള്ളൂരിന്റെ-
വീടുചോദിച്ചു..............
വെള്ളക്കാരല്ലെ..... കള്ളും,കപ്പയും-
മോഹിച്ചാകാമെന്നുകരുതി
ഞാൻ അയ്യപ്പന്റെ വീട് കാട്ടിക്കൊടുത്തു.......
സുനിലൻ

2010, മേയ് 23, ഞായറാഴ്‌ച

ഭാഗ്യം.....



ഭാഗ്യം.....

നാണംകെട്ടവന്റെ ആസനത്തിൽ...
ആലുമുളച്ചാൽ......?
അതുംഒരുതണൽ.....!!!!!!
ഭാഗ്യം.....
ആലിൻകായ് പഴുത്തപ്പോൾ,
കാക്കയ്ക്കു വായ്പുണ്ണ്.......
സുനിലൻ

ഉഴവുമാട്




വരിയുടച്ചപ്പോൾ വഴിഞ്ഞകണ്ണീരിന്റെ
വിലമാത്രമാകുന്നു മമ ജീവിതം......
ചുരമാന്തലില്ല,മുക്രയില്ല...കണ്ണിൽ-
കനവില്ല കാതര ഭാവമില്ല..........
മദികൊണ്ട പൈക്കളോടിഷ്ടമില്ല...
മണ്ണിൽ പണിചെയ്യുവാൻ മാത്രം
എന്റെ ജന്മം............
അരച്ചാൺ വയറ്റിൻ നെരിപ്പോടണക്കാൻ.....
നടന്നെത്രദൂരമീ ഭാരവും പേറി....
കുതിപ്പില്ല നെഞ്ചിൽ,കിതപ്പൊന്നുമാത്രം....
മഹാമേരുപോലെ മഹാമൗനഭാവം.......
കഴുത്തിൽ ചിലക്കും കുടമണിത്താളം.....
അതാണെന്റെ നാക്കും,അവസാനവാക്കും.....
ഉയിർ പിച്ച തന്ന ഉടയോന്റെചാട്ട......
ഉയർത്തുന്ന ഹുംകാര ശബ്ദം-
പ്രപഞ്ചം......!!!
ഉറഞ്ഞൊരീമണ്ണിൽ ആഴും കലപ്പ......
അതിലെന്റെ പൗരുഷം
വിജ്രിംഭിച്ചു നില്പ്പൂ.......
വിയർപ്പും കിതപ്പും കിളിർപ്പിച്ച ഞാറിൽ....
പിറക്കാതെപോയൊരെൻ
കിടാങ്ങളേ കാണ്മൂ........
അന്തിയായെങ്കിൽ.....
അനാദിയാം സൂര്യനാ ചെന്തീകിരണങ്ങൾ-
അണച്ചിരുന്നെങ്കിൽ......
നൊന്തപുറത്തെ വ്രണങ്ങളിൽ ഈച്ചകൾ
സംഗീത സദ്യനടത്താതിരുന്നെങ്കിൽ......
എന്നെ തളച്ച കയറിന്റെ നീളമാ-
വയ്ക്കോൽ തുറുവരെ
ഉണ്ടായിരുന്നെങ്കിൽ.......
അറക്കും വരേക്കും അകതാരിനുള്ളിൽ
അണക്കാതെ വയ്ക്കുന്നതീചിന്ത മാത്രം.......

യൂദാസിന്റെസുവിശേഷം അവസാനത്തെ സങ്കീർത്തനം



ഗുരുവേ..
ഞാനെന്ത് തെറ്റാണ്‌ ചെയ്തത് .?
എന്തിനാണവർ എന്നെ കല്ലെറിയുന്നത്.?
നിന്നെ ഞാൻ ഒറ്റ്കൊടുത്തെന്ന് അവർപറയുന്നു.
നീപോലും എന്നെ മനസിലാക്കിയില്ലല്ലൊ.!
സത്യമേപറയാവൂഎന്ന് എന്നെപഠിപ്പിച്ചത് നീയല്ലേ.?
പരീശപ്രമാണിമാർ നീയേതെന്ന് ചോദിച്ചപ്പോൾ
സത്യം പറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ്.?
നിനക്കുള്ള കാണിക്കയെന്ന്പറഞ്ഞ് -
അവരെന്നെയേല്പ്പിച്ച മുപ്പതുവെള്ളിപ്പണത്താൽ,
നീയെന്നെ അളന്നു കളഞ്ഞല്ലൊ.!
നാഥാ..

നിന്നെ ഞാൻ ചുംബിച്ചത് കാട്ടിക്കൊടുക്കാനായിരുന്നില്ല.
നിന്നെ അറിഞ്ഞപുണ്യത്തിന്റെ കൃതാർത്ഥതയാലായിരുന്നു.
കോഴികൂവുന്നതിനുമുൻപ് മൂന്ന് വട്ടം നിന്നെ തള്ളിപ്പറഞ്ഞവർ
വിശുദ്ധന്മാരാകുമ്പോൾ നീയെന്റെ പ്രിയ ഗുരുനാഥനെന്ന്
ഉറക്കെ പറഞ്ഞതാണോ ഞാൻ ചെയ്ത പാതകം.?
യേശുവേ..
തേനീച്ചയുടെ ജന്മം പരാഗണത്തിനെന്ന പോലെ
നീ ക്രൂശിതനാവാനും,ഉയിർക്കാനും,പരിശുദ്ധാത്മാവിൽ
ലയിക്കാനും വേണ്ടി ജനിച്ചവനായിരുന്നോ ഞാൻ.!
അപ്പോൾ പാപികളുടെ കൂട്ടത്തിൽ -
ഏറ്റവും ഭാഗ്യവാൻ ഞാനല്ലേ പ്രഭോ.?
നല്ല ഇടയാ..
എന്റെ കൈകൾ ഞാൻ കഴുകുന്നില്ല.
അക്കൽദാമയിലെ ഈമരക്കൊമ്പും,കയർക്കുരുക്കും
എനിക്ക് നിന്നിലേക്കുള്ളവഴിയാണ്‌.
കാരണം..... എനിക്കുനിന്നെ അനുഗമിക്കാനേ അറിയൂ.

സുനിലൻ

രതി




രതി.....
അന്ന്......
ഇരുട്ടിൽ അടക്കിപ്പിടിച്ച നിശ്വാസം.......
ഓടിത്തളർന്ന ശ്വാനന്റെ
ആർത്തിപൂണ്ട ജലപാനം........
വിശന്ന നാഗത്തിന്റെ
വെറിപൂണ്ട സീൽക്കാരം........
കയറ്റുകട്ടിലിന്റെ
കഴുതക്കരച്ചിൽ................
വനയക്ഷിയുടെ
കൊലുസ്സിൻ നാദം.......
വിശപ്പടങ്ങിയ സിംഹത്തിന്റെ
ഗുഹാമുഖത്തെ വിശ്രമം......

ഇന്ന്.........
വിഷപ്പല്ലുകൾ പകരുന്ന
കാഴ്ച്ചയുടെ ഉന്മാദം.......
നായ്ക്കുരണപരിപ്പിന്റെ
നൈമിഷിക ദാക്ഷിണ്യം.......
വിലക്കപ്പെട്ടവർ തമ്മിൽ
വിരൽ മറവിലെ ശൃംഗാരം.....
വിശുദ്ധപശുക്കളുടെ വിവർത്തനം
ചെയ്യപ്പെടുന്ന ദാമ്പത്യം.......
വിലകൊടുത്താൽ ലഭിക്കുന്ന
പലവകയിലൊന്ന്.......
സുനിലൻ

മേഘചരിതം



മേഘംനദിയെ പ്രണയിച്ചിരുന്നു......
ധനുമാസരാവുകളിൽ ഉരുളൻ കല്ലുകളെ-
തഴുകി അവൾ ഒഴുകുന്നതുനോക്കി
അവൻ നിർവൃതികൊണ്ടു.......!!!
നദിക്കു കടലിനോടായിരുന്നു പ്രണയം....
ബലിഷ്ട്ടങ്ങളായ തിരക്കൈകളാൽ
വരിഞ്ഞുമുറുകാൻ കൊതിച്ച്,
അവൾ കടലുതേടി ഒഴുകി.......
മീനമാസത്തിലെ ഒരു പകൽനേരത്ത്
മേഘംകണ്ടത് വറ്റാൻ തുടങ്ങുന്ന
നദിയെയാണ്‌...
വരണ്ടുണങ്ങി വേച്ചുനീങ്ങുന്ന
അവളെ കണ്ട് അവൻ
കത്തിജ്വലിക്കുന്ന സൂര്യനെമറച്ച്
അവൾക്ക്തണലേകുവാൻ ശ്രമിച്ചു..
എന്നാൽ നിഷ്ഠൂരനായ ചുടുകാറ്റ്
അവനെ തുരത്തിക്കളഞ്ഞു..
ഇടവം- മിധുനമായപ്പോഴേക്കും
അവൾ നന്നേ ശോഷിച്ചിരുന്നു....
കാറ്റുനയിച്ച വഴികളിലലഞ്ഞലഞ്ഞ്
ഒരു കർക്കിടകപ്പുലരിയിൽ
അവൻ തിരികെയെത്തിയപ്പോൾ
അവൾ മരണക്കിടക്കയിൽ
ഊർദ്ധ്വൻ വലിക്കുകയായിരുന്നു..
അവളുടെ അവസ്ഥ കണ്ട്
അവൻ കണ്ണീർവാർത്തു..
ഇമചിമ്മിയുള്ള അവന്റെ തേങ്ങൽ
മിന്നൽ പിണരുകളായി..
അവന്റെ ഗദ്ഗദങ്ങൾ ഇടിമുഴക്കങ്ങളും...
ഒടുവിൽകണ്ണീരായി അവൻ
അലിഞ്ഞില്ലാതായപ്പോൾ..
അവൾ കരകവിഞ്ഞൊഴുകുകയായിരുന്നു..

-സുനിലൻ