2010, മേയ് 23, ഞായറാഴ്‌ച

ഉഴവുമാട്
വരിയുടച്ചപ്പോൾ വഴിഞ്ഞകണ്ണീരിന്റെ
വിലമാത്രമാകുന്നു മമ ജീവിതം......
ചുരമാന്തലില്ല,മുക്രയില്ല...കണ്ണിൽ-
കനവില്ല കാതര ഭാവമില്ല..........
മദികൊണ്ട പൈക്കളോടിഷ്ടമില്ല...
മണ്ണിൽ പണിചെയ്യുവാൻ മാത്രം
എന്റെ ജന്മം............
അരച്ചാൺ വയറ്റിൻ നെരിപ്പോടണക്കാൻ.....
നടന്നെത്രദൂരമീ ഭാരവും പേറി....
കുതിപ്പില്ല നെഞ്ചിൽ,കിതപ്പൊന്നുമാത്രം....
മഹാമേരുപോലെ മഹാമൗനഭാവം.......
കഴുത്തിൽ ചിലക്കും കുടമണിത്താളം.....
അതാണെന്റെ നാക്കും,അവസാനവാക്കും.....
ഉയിർ പിച്ച തന്ന ഉടയോന്റെചാട്ട......
ഉയർത്തുന്ന ഹുംകാര ശബ്ദം-
പ്രപഞ്ചം......!!!
ഉറഞ്ഞൊരീമണ്ണിൽ ആഴും കലപ്പ......
അതിലെന്റെ പൗരുഷം
വിജ്രിംഭിച്ചു നില്പ്പൂ.......
വിയർപ്പും കിതപ്പും കിളിർപ്പിച്ച ഞാറിൽ....
പിറക്കാതെപോയൊരെൻ
കിടാങ്ങളേ കാണ്മൂ........
അന്തിയായെങ്കിൽ.....
അനാദിയാം സൂര്യനാ ചെന്തീകിരണങ്ങൾ-
അണച്ചിരുന്നെങ്കിൽ......
നൊന്തപുറത്തെ വ്രണങ്ങളിൽ ഈച്ചകൾ
സംഗീത സദ്യനടത്താതിരുന്നെങ്കിൽ......
എന്നെ തളച്ച കയറിന്റെ നീളമാ-
വയ്ക്കോൽ തുറുവരെ
ഉണ്ടായിരുന്നെങ്കിൽ.......
അറക്കും വരേക്കും അകതാരിനുള്ളിൽ
അണക്കാതെ വയ്ക്കുന്നതീചിന്ത മാത്രം.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ