2010, മേയ് 23, ഞായറാഴ്‌ച

യൂദാസിന്റെസുവിശേഷം അവസാനത്തെ സങ്കീർത്തനംഗുരുവേ..
ഞാനെന്ത് തെറ്റാണ്‌ ചെയ്തത് .?
എന്തിനാണവർ എന്നെ കല്ലെറിയുന്നത്.?
നിന്നെ ഞാൻ ഒറ്റ്കൊടുത്തെന്ന് അവർപറയുന്നു.
നീപോലും എന്നെ മനസിലാക്കിയില്ലല്ലൊ.!
സത്യമേപറയാവൂഎന്ന് എന്നെപഠിപ്പിച്ചത് നീയല്ലേ.?
പരീശപ്രമാണിമാർ നീയേതെന്ന് ചോദിച്ചപ്പോൾ
സത്യം പറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ്.?
നിനക്കുള്ള കാണിക്കയെന്ന്പറഞ്ഞ് -
അവരെന്നെയേല്പ്പിച്ച മുപ്പതുവെള്ളിപ്പണത്താൽ,
നീയെന്നെ അളന്നു കളഞ്ഞല്ലൊ.!
നാഥാ..

നിന്നെ ഞാൻ ചുംബിച്ചത് കാട്ടിക്കൊടുക്കാനായിരുന്നില്ല.
നിന്നെ അറിഞ്ഞപുണ്യത്തിന്റെ കൃതാർത്ഥതയാലായിരുന്നു.
കോഴികൂവുന്നതിനുമുൻപ് മൂന്ന് വട്ടം നിന്നെ തള്ളിപ്പറഞ്ഞവർ
വിശുദ്ധന്മാരാകുമ്പോൾ നീയെന്റെ പ്രിയ ഗുരുനാഥനെന്ന്
ഉറക്കെ പറഞ്ഞതാണോ ഞാൻ ചെയ്ത പാതകം.?
യേശുവേ..
തേനീച്ചയുടെ ജന്മം പരാഗണത്തിനെന്ന പോലെ
നീ ക്രൂശിതനാവാനും,ഉയിർക്കാനും,പരിശുദ്ധാത്മാവിൽ
ലയിക്കാനും വേണ്ടി ജനിച്ചവനായിരുന്നോ ഞാൻ.!
അപ്പോൾ പാപികളുടെ കൂട്ടത്തിൽ -
ഏറ്റവും ഭാഗ്യവാൻ ഞാനല്ലേ പ്രഭോ.?
നല്ല ഇടയാ..
എന്റെ കൈകൾ ഞാൻ കഴുകുന്നില്ല.
അക്കൽദാമയിലെ ഈമരക്കൊമ്പും,കയർക്കുരുക്കും
എനിക്ക് നിന്നിലേക്കുള്ളവഴിയാണ്‌.
കാരണം..... എനിക്കുനിന്നെ അനുഗമിക്കാനേ അറിയൂ.

സുനിലൻ

1 അഭിപ്രായം:

  1. ഒരു വടക്കൻ വീരഗാഥയിൽ എം ടി ചെയ്തതുപോലെ ധീരതയുള്ള ഒരു കാവ്യാർപ്പണമാണങ്ങ് നടത്തിയിരിയ്ക്കുന്നത്...യൂദാസിന്റെ മനസ്സിലൂടെ സത്യം കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നുവോ?
    സുവിശേഷപുസ്തകങ്ങൾ യേശുവിലൂടെ മാത്രമല്ലേ ലോകത്തെ കണ്ടത്?

    ഒരു വിപ്ലവമാണീ കവിത... അത്ര മാത്രം....

    മറുപടിഇല്ലാതാക്കൂ