2011, ഡിസംബർ 8, വ്യാഴാഴ്‌ച

.........ഷാപ്പിലെ പൂച്ച...............

ഷാപ്പിലെ പൂച്ചയ്ക്ക് പുരോഹിതന്റെ ഭാവമാണ്.

പനമ്പ് കൊണ്ട് തിരിച്ച അറകളിലെ

കുമ്പസാര രഹസ്യങ്ങൾ കേട്ട്കേട്ടാവാം,

നരച്ച മീശ രോമങ്ങളേ നാവാലുഴിഞ്ഞ്

അടുത്തതെന്താവാം എന്ന് കണ്ണോർത്തിരിക്കും.

വകയിലെ പെങ്ങളേ പ്രാപിച്ചവന്റെ

വിലാപ സാഹിത്യത്തെ

സമാശ്വാസത്തിന്റെ പുറം തഴുകലുകൾ

സ്വയം ഭോഗമായി പരാവർത്തനം ചെയ്യുന്നത് കണ്ട്

അമൂർത്തമായൊരു നിശബ്ദതയിലഭിരമിച്ച്

അവയങ്ങനെ ചടഞ്ഞിരിക്കും.

വിലക്ഷണ ഹാസ്യത്തെ പതച്ചൊഴിച്ച-

പാനപാത്രം മുത്തി,

അഹം ഭാവത്തിന്റെ ആറ്റുമീൻ കറിയിൽ

വിരൽ മുക്കി നക്കി,

അപരനോടുള്ള പുച്ഛം അധോ വായുകൊണ്ട്

അടിവരയിടുന്നത് കണ്ട്

കണ്ണടയ്ക്കും..

അഞ്ഞൂറ് രൂപ ലോട്ടറിയടിച്ചവന്റെ

ആഘോഷങ്ങൾ തെറിപാട്ടിന്

താളം പിടിക്കുമ്പോള്

വരട്ടിയ പോത്തിൻ കഷണം

വായ് വിട്ട് താഴെ വീണാലോ എന്ന്

പ്രതീക്ഷയോടെ കാത്തിരിക്കും.

ആത്മ വഞ്ചനയുടെ പാഴാങ്കങ്ങൾക്കൊപ്പമുയരുന്ന

നെറികെട്ട നിലവിളികളേ

കാലുറയ്ക്കാത്ത ബെഞ്ചിന്റെ പുലയാട്ടുകൾ

തമസ്കരിക്കുന്നത് കേട്ട് കേട്ട്

അടക്കി ചിരിക്കും.

2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

അപ്പച്ചി

തിരുവോണത്തിന്റന്നുച്ചയ്ക്ക്

ആ കയ്യാലയും ഈ കയ്യാലയും ചാരാതെ

അച്ഛനെ കൈ പിടിച്ച് പിച്ചനടത്തിച്ച്

കൊച്ചപ്പച്ചിയേ കാണാൻ പോകും..



മുറ്റത്ത് കാണുമ്പോ തന്നെ അപ്പച്ചി

കൊച്ചു കഴുവറടാ മോനേന്ന്

കെട്ടിപ്പിടിച്ച് ഉമ്മ തരും....



അപ്പച്ചിക്ക് പൊയിലകൊടെടാന്ന്

അച്ഛന്റെ നാവുഴറുമ്പോൾ,

വടക്കൻ പൊയിലയുടെ

പൊതിയഴിച്ച് മണപ്പിച്ച്

അപ്പച്ചി അച്ചനേ കടുപ്പിച്ചൊന്നു നോക്കും..



അകത്തെ മുറിയിൽ കൊണ്ട് പോയി

പടലയോടിരിഞ്ഞ പഴവും ഉപ്പേരിയും

കളിയോടക്കയും തന്ന്

മക്കളു തിന്നോന്ന് വാൽസല്യം ചൊരിയും



അമ്മയോട് പിണങ്ങി

ഓണമുണ്ണാതെ വന്ന അച്ഛൻ

ഇച്ചേച്ചീ ഇച്ചിരി ചോറു താ എന്ന് പറയും



അടുത്തിരുന്നു വിളമ്പിയൂട്ടുമ്പോൾ

അപ്പച്ചിയുടെ കണ്ണുകളിൽ

കൊച്ചനിയനോടുള്ള വാൽസല്യം തുളുമ്പും



കുടിച്ചു പേഞ്ഞ് കുടുമ്മം നോക്കാതെ നടന്നോടാ എന്ന്

അപ്പച്ചി ചീത്ത പറയുമ്പോൾ

പൊട്ടൻ ചിരിയോടെ അച്ഛനെന്നേക്കാൾ കുഞ്ഞാകും.



അങ്ങനെ ഞാനങ്ങ് വളർന്നു

അപ്പച്ചിയും അച്ഛനും തളർന്നു..



അപ്പച്ചി പോയന്ന്

പട്ടടയ്ക്കരുകിലിരുന്ന് വിങ്ങിക്കരഞ്ഞ

അച്ഛന്റെ നരച്ച മുടിയിഴകളിൽ തഴുകി

ഇളം കാറ്റ്



എന്റെ കുഞ്ഞെന്തിനാടാ കരയുന്നത്

ഇച്ചേച്ചി കൂടെയുണ്ടെന്ന് കണ്ണീർ തുടയ്ക്കുന്നത്

ഞാൻ കണ്ടതാണ്‌..

ഉൾക്കണ്ണു കൊണ്ട്....

2011, ജൂലൈ 14, വ്യാഴാഴ്‌ച

അമൃതം

ഇടവമുകിലിന്റെ ഈറൻ ചുവയ്ക്ക് നിൻ
അമൃത കുംഭം ചുരത്തുന്നമധുരമാണ-
തിലൊരിറ്റു കണ്ണുനീരുപ്പുചേർത്ത്
ഇവിടെ അമ്മയേ വാക്കാൽ വരയ്ക്കട്ടെ.

ഇനിയുമെണ്ണിക്കണക്കെടുക്കാത്തൊരീ
മണലുപോലെയാണാപ്തവാൽസല്യവും
ചിതലരിച്ചൊരെൻ ചിന്തയിൽ തീക്കനൽ
പുക മറയ്ക്കുന്നു സ്നേഹാക്ഷരങ്ങളേ.

പലരുമമ്മയേപ്പറ്റി പറഞ്ഞപോൽ
സുഖദമല്ലെന്റെ മാതൃസ്മരണകൾ
അനിലപർവ്വതം എരിയുന്ന വയറിലെ
തപമണയ്ക്കുവാനാകുമോ പ്രാർത്ഥനേ..?

പതിതനെന്നേ ചുമന്ന ഗർഭപാത്രത്തിൽ നിന്നും
കുടലിലേക്ക് മൂളിപ്പറന്നൊരു
മരണമക്ഷികക്കുണ്ട് പേർ,അർബ്ബുദ-
ക്കൊടിയവേദനയ്ക്കെന്തുണ്ടൊരൗഷധം...?

പറയുവാനുണ്ടെനിക്കുമൊരായിരം
കഥകൾ അമ്മയേപ്പറ്റിപ്പറയുവാൻ
ശയനമുറിയിലെ പങ്കപോൽ മാനസം
ചകിതമെന്തിനോ ചുറ്റിത്തിരിയുന്നു.


ഇനിയുമെത്രയോ സ്വപ്നനങ്ങളുണ്ടെന്റെ
വഴിയിലൊക്കെ തണലായി വേണമീ-
വെയിലിൽ മഴയിൽ ഇടിമുഴക്കങ്ങളിൽ
ഭയമൊഴിക്കുന്ന ശക്തിയാണെന്നമ്മ.

ഇവിടെ എന്റെയീ തൂലികത്തുമ്പിലെ
മഷിയിലമ്മതൻ കാർമുടി പാറുന്നു
കറപുരളാത്ത കടലാസുതുണ്ടിലാ
മനസ്സുകണ്ട് ഞാൻ നിശ്ചേഷ്ടനാകുന്നു.


ഇടയിലെന്റെയീ കൈഫോൺ ചിലയ്ക്കുമ്പോൾ
പിടയുമെന്മനം അർത്ഥിപ്പു നിന്നോട്
പിരിയരുതെന്നേ പുണരാൻ കരങ്ങളേ
കരുതി വയ്ക്കുക എന്നേ തഴുകുക.

2011, ജൂലൈ 12, ചൊവ്വാഴ്ച

പെയ്ത്ത്

എന്തായിരുന്നു തകർപ്പും തിമിർപ്പും
വഴികാണിക്കാൻ ചൂട്ടുവെളിച്ചം
വരവറിയിക്കാൻ പെരുമ്പറ മുഴക്കം
ഏഴു നിറത്തിൽ പരവതാനി
കാറ്റിന്റെ പാട്ട്, മരങ്ങളുടെ കൂത്ത്
എന്നിട്ടിപ്പോ മുറ്റത്ത് തളം കെട്ടി കിടക്കുന്നു
ത്ഫൂ....

2011, ജൂൺ 5, ഞായറാഴ്‌ച

...ഹരിത വിപ്ലവം....

വിത്ത്
വിതച്ചവന്റെ കയ്യിലെ
വിയർപ്പിന്റെ വിപ്ലവം നുണഞ്ഞ്

നനഞ്ഞമണ്ണിന്റെ
സാന്ത്വന സ്പർശത്തിൽ
പലതും മറക്കാനും
ക്ഷമിക്കാനും ശ്രമിച്ച്
പൂണ്ട് കിടക്കുമ്പോൾ

തായ്ചെടിയുടെ തലയറുത്തതും
തറയിലിട്ട് ചവിട്ടി മെതിച്ചതും
പൊരിവെയിലിൽ ഉണക്കാനിട്ടതുമെല്ലാം
ഓർമ്മകളിൽ നിന്നും ഇഴഞ്ഞിറങ്ങും.

അപ്പോൾ
തനിയ്ക്ക്നേരേ ചൂണ്ടിയ
ഒറ്റ വിരല്പച്ചയിൽ
പ്രതിഷേധത്തിന്റെ
മുനകൂർത്ത നോട്ടംകണ്ട്
ആകാശം പകയ്ക്കും.

എന്നിട്ട്
വേരുകൾകൊണ്ട് മണ്ണിനെ
പൂണ്ടടക്കം പുണർന്ന്
ഇനി നിന്നെ പിരിയില്ലെന്ന്
പ്രതിജ്ഞയെടുക്കും.

പിന്നെ
അടുത്തും അകലെയുമായി
തനിക്കു ചുറ്റിനും
മുളച്ചുപൊന്തിയ സമരവീര്യം കണ്ട്
കോൾമയിർ കൊള്ളും.

ശേഷം
ഒരൊറ്റമനസ്സോടെ
ഒരേ വചസ്സോടെ
വളർന്നു പൊന്തും
പ്രതീക്ഷകൾ പൂക്കും,കായ്ക്കും

അവസാനം
........?

.....മുയൽ.....

മൂന്നു കൊമ്പുള്ള എന്റെ മുയലിനെ
എന്ത് പേര്‌ വിളിക്കാം....?

തൊട്ടാലലിഞ്ഞു പോകുന്ന
മഞ്ഞിന്റെ രോമമുണ്ടതിന്‌.
ഉയർന്നു ചാടുമ്പോൾ
കുതിരയുടെ ചിനപ്പുമുണ്ട്.

പച്ചപ്പ് കാണുമ്പോൾ
പകപ്പുള്ള കണ്ണുകളിൽ
ഇന്നലെകളുടെ നിലാവെട്ടം പരക്കും.

തഴുകുന്ന കയ്യിനുതാഴെ
പതിഞ്ഞു കിടക്കുമ്പോൾ
ഉടുക്ക് കേട്ട് ഭയപ്പെടാത്ത ഉള്ളിൽ
നൂല്മഴയുടെ നിശബ്ദത.

എങ്കിലും അടിക്കാടനങ്ങുമ്പോൾ
വെയിലുണക്കി ചിതറിച്ച വിത്തുപോലെ
കുതറിയോടാറുണ്ട്.

തിരഞ്ഞു ചെല്ലുമ്പോൾ
ഒരു ചൂരുമാത്രം ബാക്കിയാക്കി
ഏതുമാളത്തിലാണ്‌ അതൊളിച്ചത്...?

2011, മേയ് 25, ബുധനാഴ്‌ച

..........ഉയിർപ്പ്.........

എന്റെ പ്രണയം
ഉയിർത്തെഴുന്നേറ്റു...
ഏകാന്തതയുടെ
കല്ലറതുറന്ന്
ഇതാ നിന്റെ മുന്നിൽ
നിൽക്കുന്നു
അവിശ്വ്വാസികൾക്ക്
അടയാളമായി
ചുണ്ടിലെ പുഞ്ചിരി
കവിളിലെ ചോപ്പ്
കണ്ണിലെ കവിത
എന്നിവ .തെളിവ് നൽകും

.........ദ്വയം...........

എന്റെ ചുണ്ടുകൾക്ക്
നിന്റെ ശരീരത്തോട്
ശബ്ദമില്ലാതെ എന്തൊക്കെയോ
സംസാരിക്കണമത്രേ..

നിന്റെ സ്വർണ്ണരോമങ്ങൾ
അതിനുള്ള മറുപടി പറയും,

മുള്ളുകുത്തിയതിനു കരഞ്ഞവളുടെ
കണ്ണു നിറയ്ക്കാതെ
എന്നിലേക്ക് തുന്നിചേർക്കണം.

കയറില്ലാത്ത ഊഞ്ഞാലിൽ
ചില്ലാട്ടം പറക്കുമ്പോൾ
നിന്റെ അടഞ്ഞ കണ്ണുകൾ കാണുന്നത്
ആകാശത്തിനുമപ്പുറത്തെ ലോകം.

നിന്നെ ശുദ്ധയാക്കുന്ന ജലത്തോട്
എനിക്കുള്ള അസൂയയ്ക്ക് മരുന്നില്ല.
ഉടുപ്പുലച്ച കാറ്റിനോട്
എന്റെ പരിഭവം അറിയിക്കുക.

ആത്മാവിലേക്ക് ആദ്യമായി
ചുഴിഞ്ഞു നോക്കിയവളേ.
നിനക്കീ നിസ്വൻ
വേറെന്തു നൽകും..

.........അരുത്.......

പണ്ടേതോ യാദവൻ
മലയെ ഉദ്ധരിച്ചതനുകരിച്ച്
പാടഡ് ബ്രാകൊണ്ട് ഉദ്ധരിച്ച മുലകളേ കാട്ടി
ഞങ്ങളുടെ കണ്ണുകളേ കറവ യന്ത്രങ്ങളാക്കരുത്.

നരകത്തിലെ കോഴിയുടെ നെയ്യൂറുന്ന
കാലുകൾ പോലെ
ലെഗ്ഗിങ്ങ്സിനുള്ളിൽ മുഴുത്തിരിക്കുന്നവയേ
കടിച്ചു വലിക്കാൻ പല്ലുകളേ പ്രലോഭിപ്പിക്കരുത്.

ജനലഴിയിൽ തൂങ്ങി മരിച്ചവളേ
ഓർമ്മിപ്പിച്ചു കൊണ്ട്
മടമ്പു പൊങ്ങിയ ചെരിപ്പുമിട്ട്
പകലും പ്രേത നടനം നടത്തരുത്.

നൈതികതയെന്നാൽ
നിതംബത്തെ സംബന്ധിച്ചതെന്നും
മൗലികതയെന്നാൽ
മുലയേ സംബന്ധിച്ചതെന്നും
പുതു മൊഴിവഴക്കങ്ങളുമായി അവതരിച്ച
അങ്കുശമോ, ആദേശമോ ഇല്ലാത്ത
ആർത്തവരക്തത്തിൽ തൂലിക മുക്കിയെഴുതുന്ന
പെണ്ണെഴുത്തുകാരോടാണ്‌
ഈ പരിദേവനം...
മറ്റുള്ളവർ പൊറുക്കുക...

2011, മാർച്ച് 31, വ്യാഴാഴ്‌ച

ബോധി

മീനക്കൊടും ചൂടിൽ

ക്ഷുബ്ദമാം കാറ്റേറ്റ്

ഭ്രാന്തെടുത്തുറയുന്ന

ആല്മരച്ചോട്ടിലായ്

മൗനിയായ്,ധ്യാനിയായ്

കൗപീനധാരിയായ്

സാർവ്വ ലൗകീകം

ത്യജിച്ച തരുണനിൻ

ചുറ്റും നുരയ്ക്കും

പുരുഷാരമെന്തിനോ

പൊട്ടിച്ചിരിക്കുന്നു

ഭ്രാന്തനെന്നാർക്കുന്നു

കൂട്ടുകാരൻ

പള്ളിക്കൂടം വിട്ടോടുമ്പോൾ

വഴുതിവീണ്‌ മുട്ടുപൊട്ടിയപ്പോൾ

കരയെണ്ടാടാ എന്നുപറഞ്ഞ്

മുറിവിലൂതിതന്നവൻ..



പുസ്തകം കടം തന്നവൻ

ഉച്ചയ്ക്ക് പട്ടിണിക്ക് കൂട്ടീരുന്നവൻ.

അഞ്ചുപൈസയുടെ നാരങ്ങാമിഠായി

കടിച്ചുപകുത്ത് വലിയപങ്ക് എനിക്കുതന്നവൻ.



സ്വപ്നങ്ങളിലെ രാജകുമാരിയോടുള്ള

ഇഷ്ടം അവളേ അറിയിക്കാൻ

പിറകെ നടന്ന് എന്റെ പേരുചൊല്ലി

ചൊടിപ്പിച്ചവൻ...



മറ്റൊരുത്തനുമായുള്ള തല്ലിനിടയിൽ

പൊട്ടിവീണിട്ട്

തൊട്ടുപോകരുത് പന്നീ

എന്നവന്റെ കുത്തിനു പിടിച്ച് പറഞ്ഞവൻ.



നല്ലതിനും കെട്ടതിനും കൂട്ട് നിന്നിട്ട്

എന്നും എന്റെ അമ്മയുടെ

വായീന്ന് ചീത്തകേട്ടിട്ട്

ഒന്നുമില്ലെടാ എന്ന്

കണ്ണടച്ച് ചിരിച്ചു നടന്നവൻ.



വണ്ടികേറ്റാൻ വരുമ്പോ

ഇന്നെന്താ കണ്ണിനിത്ര നീറ്റലെന്ന്

സ്വഗതം പറഞ്ഞിട്ട്

,പുണരുമ്പോൾ പുറം നനച്ചവൻ



ഉള്ളുപൊള്ളിയിരിക്കുമ്പോൾ വിളിച്ചിട്ട്

എന്തൊക്കെയുണ്ടളിയാ വിശേഷമെന്ന്

കോടമഞ്ഞായ് കുളിര്‌ പകർന്നവൻ.

കൊച്ചുകുറുപ്പ് സാർ

നീലം മുക്കിയ പോളീസ്റ്റർ മുണ്ടിന്റെ

സുതാര്യത കാട്ടിത്തന്ന

പാളക്കരയനെ പരിഹസിച്ചതിനാണ്‌

''എഴുന്നേറ്റ് നിൽക്കെടാ കാളേ'' എന്ന്

ഇടവപ്പാതി മഴപോലെ

ക്ലാസ് മുറിയിൽ ചിരിയുയർത്തിയത്.



പ്രതിഷേധ സൂചകമായി

നിന്റെ പ്രതിഭാഷ ഗൗനിക്കാതെ

പുറത്തേക്ക് നോക്കി നിന്നതിനാണ്‌

എന്നെ മഴയത്തിറക്കി വിട്ടത്.



പതിനാലിനുള്ളിൽ പഠിച്ച തെറിയൊക്കെ

പൂച്ചം പറഞ്ഞുകൊണ്ട്

പ്രതിഭാ ടെക്സ്റ്റൈൽസിന്റെ

പുസ്തക സഞ്ചിയുമായി

പടിയിറങ്ങുമ്പോൾ

പിറകിൽ നിന്നും വിളിച്ചു....



എവിടേലും പോയി ''തൊലഞ്ഞാൽ''

മറുപടി പറയേണ്ടത് ഞാനാ.. എന്ന്

അനുഭാവമല്ലെന്നറിയിച്ചിട്ട്

കയറിയിരിക്കാൻ പറഞ്ഞു.



പിറകിലെ ബെഞ്ചിലിരുന്ന്

കിരിയം കുത്തുമ്പോഴൊക്കെ

പഠിപ്പിച്ചതിൽ നിന്നും

പറഞ്ഞു ഫലിപ്പിക്കാനാവാത്ത

ഉത്തരമുള്ള ഒരു ചോദ്യം വലിച്ചെറിഞ്ഞ്

എന്നെ ഇളിഭ്യനാക്കി.



പഠിപ്പിൽ മുൻപന്മാരായ

മിടുക്കന്മാരൊക്കെ

തളപ്പില്ലാതെ കേറി

അർത്ഥ വ്യത്യാസവും

പര്യായപദവും, വിപരീതവും

വെട്ടി വീഴ്ത്തുമ്പോൾ.



അപകർഷത്തിന്റെ ചെല്ലികുത്തിയ

ഒന്നോ രണ്ടോ വഴിപാട് വാക്കുകൾ

എന്നിൽ നിന്നും ഉണങ്ങിക്കൊഴിഞ്ഞു.



ചതുർത്ഥി കാണുന്നതിനു തുല്യമായിരുന്നു

എനിക്ക് നിങ്ങൾ

പകർത്തിയെഴുതാതെ ചെന്നതിന്‌

പഠിപ്പു നിർത്തി ''ചാണകം വാരാൻ പോടാ''

എന്നു പറഞ്ഞതിന്റെ

ചൊരുക്കായിരുന്നു അത്...



ഒടുവിൽ പരീക്ഷപാസായ സന്തോഷത്തോടെ

''എസെൽസി ''ബുക്ക് വാങ്ങാൻ വരുമ്പോൾ

നോട്ടീസിൽ പടം വന്ന ഗമക്കാർക്കിടയിൽ

ഓഫീസ് മുറിയിൽ കുശല പ്രശ്നങ്ങൾ



''നെനക്കിവിടെന്താ കാര്യം....'' എന്ന

ചിരിക്കൊപ്പം കുഴച്ച ചോദ്യത്തിന്‌

''എസെൽസി ബുക്ക് വാങ്ങാനാ സാറേ..''

എന്നു മറുപടി പറഞ്ഞു.



ജെയിച്ചവരുടെ ബുക്കാ കൊടുക്കുന്നെ

നെനക്കൊള്ളത് എത്തിയില്ലെന്ന പരിഹാസം

ഗമക്കാരുടെ ചിരിക്കൊപ്പം

പാതാളക്കിണർ തോണ്ടി. ...



''ജെയിച്ചു ഞാനും സാറേ..''എന്ന

എന്റെ തലപ്പൊക്കത്തിനേ

''കോപ്പിയടിച്ചാവും'' എന്ന്

തോട്ടികൊരുത്ത് മെരുക്കി .



ഒടുവിൽ ബുക്ക് റിസീവ്ഡ് എന്ന്

എഴുതിയൊപ്പിടാൻ പറഞ്ഞപ്പോൾ

അവസരം കാത്തിരുന്ന മിധ്യാഭിമാനം

ഫണം വിടർത്തിയാടി.



ചടങ്ങു മതി സാറേ...

ആഡംബരം വേണ്ടാ.. എന്ന്

പ്രതികാരവാഞ്ചയോടെ പറഞ്ഞിട്ട്

"എസ് .എസ് .എൽ .സി ബുക്ക്

കൈപ്പറ്റിയിരിക്കുന്നു" എന്ന്

തനിമലയാളത്തിലെഴുതി ഒപ്പിട്ട്

മലയാളം സാറിനോട് പകവീട്ടി.



''നീ നന്നാവത്തില്ലെടാ ''എന്ന്

അന്ന് പറഞ്ഞത്

ഗുരുശാപമായിരുന്നെന്ന്

അന്നെനിക്കറിയില്ലായിരുന്നു സാറേ....



എഴുമ്പേറാതെ ഇന്നും

ഇടം വലം തിരിഞ്ഞു ഉറക്കം പരതുമ്പോൾ

ഇടിമിന്നൽ പോലെ ആ വാക്കുകൾ

എന്നെ എരിക്കുന്നു സാറേ...



തറുതല പറഞ്ഞതിനും

കുരുത്തക്കേടിനും

പതിരിനു വളം വയ്ക്കും പോലെ

മാപ്പ് ചോദിക്കുന്നു .

മനസ്സുനൊന്താണ്‌

സാറന്നങ്ങനെ പറഞ്ഞതെങ്കിൽ

ഒരിക്കലുമീ ഉമിത്തീ

കെടാതിരിക്കട്ടെ....

കളിപ്പാട്ടങ്ങൾ

കളർപെൻസിലും
കീകൊടുത്താലോടുന്ന കാറും
വാങ്ങിത്തരാൻ പാങ്ങില്ലാത്ത
മുതുകാളയെ തള്ളിനടന്ന് മുതുകുവളഞ്ഞ
എന്റെ അച്ഛൻ.
ഉഴവുചാലിൽ തെളിഞ്ഞുവന്ന സീതയേ
കളിപ്പാട്ടമായികൊണ്ട് തന്നിട്ട്
വിരൽ തൊടുമ്പോൾ ഉള്ളിലേക്ക് വലിയുന്ന
കാലും തലയും കണ്ട് മിഴിച്ചിരിക്കുന്ന എന്നെനോക്കി
പരമാനന്ദമനുഭവിച്ച് ചിരിക്കും.


സൃഷ്ടിയുടേ സമ്മോഹനാണ്ഡം തേടി
വാലിളക്കി പായുന്ന രേതോബീജം പോലെ
കലപ്പ കളങ്കിതയാക്കിയ മണ്ണിൽനിന്നും
പുറത്തേക്ക് നൂഴുന്ന മണ്ണിരയേ കൊത്താൻ
തരം നോക്കി പിറകേ വരുന്ന
കഴുത്തു നീണ്ട മാലാഖയേ
മാല്‌കാളയുടെ തുടവിറപ്പിക്കുന്ന ചാട്ട വീശിപ്പിടിച്ച്
കൊണ്ടുത്തരുമ്പോൾ
അമ്പിളിയമ്മാവനെ
കൈയ്യിൽ കിട്ടിയ സന്തോഷം നിങ്ങൾക്ക്
പറഞ്ഞാൽ മനസിലാകുമോ...?

പിടിതരാതെ വഴുതി നീന്തുന്ന വരാൽ ജീവിതത്തെ
വഴിമടക്കിപ്പിടിച്ച് പഴങ്കഞ്ഞിമണം മാറാത്ത
ചോറ്റുപാത്രത്തിലാക്കി കൊണ്ടുത്തഅരുന്നത്
ഒന്നു ഭാവനയിൽ കാണാമോ...?

ചിറകൊടിഞ്ഞ കിറുങ്ങണത്തിയും
മുലതിരഞ്ഞു കരയുന്ന അണ്ണാൻ കുഞ്ഞും
വഴിയരികിലൊരിക്കലും അനാഥരാക്കപ്പെട്ടില്ല..

നെടുമരത്തിലിരുന്ന് ചെളിവെള്ളത്തിലൂടെ
കുളിരുകോരുന്ന യാത്ര ചെയ്തവർ
എത്രപേരുണ്ട് നിങ്ങളിൽ...?

മലനടയിൽ കുതിരയെടുത്ത് മടങ്ങിവരുംമ്പോൾ
തെറുപ്പ് ബീഡിയുടേയും പട്ടച്ചാരായത്തിന്റേയും
മണമുള്ള ഉമ്മയ്ക്കൊപ്പം തന്ന
മത്തങ്ങാ ബലൂണിനുള്ളിലെ കടുക്
ഇപ്പോൾ നിർത്താതെ കിലുങ്ങുന്നു...!!!!

പതിത

മെനക്കെട്ട് പെയ്യുന്ന മഴയത്ത്,
ഇരുട്ടത്ത് നിന്ന മാവിനേ
കാറ്റ് ബലാൽസംഗം ചെയ്തു.

ഇലക്കൈകൾ വീശി
അലറിക്കരഞ്ഞിട്ടും
കരുത്തൻ ആഞ്ഞിലിയും
ബലത്ത തേക്കും
കണ്ടും,കാണാതെ
കേട്ടും,കേൾക്കാതെ നിന്നു.

അടുത്തനാൾ
ഇവൾക്കീ ഗതി വന്നല്ലോ
എന്ന് കണ്ണീർ പൊഴിച്ചുനിന്ന
മരങ്ങൾക്ക് നടുവിൽ
പിളർക്കപ്പെട്ട ശിഖരത്തിൽ നിന്നും
ഒലിച്ചിറങ്ങിയ രക്തക്കറയുമായി
അവൾ നിന്നു.

വരത്തൻ പറങ്കിമാവിന്റെ
വേരുകൾ കൊണ്ടുള്ള തോണ്ടലും
ശാഖകൾ കൊണ്ടുള്ള തലോടലും
കണ്ടില്ലെന്ന് നടിച്ച്
കാത്തുവച്ച കന്യകാത്വമാണ്‌
കവർച്ച ചെയ്യപ്പെട്ടത്.

കിഴക്കൻ മലയിലെവിടെയോ
ഒളിവിൽ പോയ കാറ്റ്
പിന്നെ തിരികെ വന്നില്ല.

പിഴച്ചുണ്ടായ ഇത്തിൾ കുഞ്ഞിനേയും
ഒക്കത്ത് വച്ച്
മാവിപ്പോഴും
വഴിവക്കത്ത്
മരിച്ചു ജീവിച

കെറുവ്

അങ്ങേ പോവരുത്....
അവരുമായിട്ട് നമ്മള്‌ വഴക്കാ...
എന്ന അമ്മമാരുടെ വിലക്കാണ്‌
രണ്ടുവീടുകളേയും തമ്മിൽ പിണക്കിയത്..

പെണ്ണുങ്ങൾ തമ്മിലെ മൂക്കിൽ കെറുവ്
ഒന്നും രണ്ടും പറഞ്ഞു തുടങ്ങി
അന്തിമയങ്ങിയപ്പോൾ
ഒന്നിനൊൻപതാക്കി
ആണുങ്ങളിൽ അങ്കക്കലി നിറച്ചു..


കണ്ണു കീറുംമുൻപ്
ഒറക്കപ്പായേന്നെഴുന്നേറ്റ്
മുറ്റത്ത് മൂത്രമൊഴിച്ചുകൊണ്ട് നിന്ന
നാലു കണ്ണുകൾ
തിക്കും പക്കും നോക്കി ചിരിച്ചു.

പിന്നെ ഒരുകെട്ട് തീപ്പെട്ടിപ്പടം
അയല്മുറ്റത്തേക്ക് പറന്നു
തിളക്കം മങ്ങാത്ത
ഒരു പുത്തൻ ഗോലി ഇങ്ങോട്ടേക്കൂം..

മുട്ടയിടാനിടം തേടി
കോഴി കൊക്കിനടക്കുന്നപോലെ
മുറ്റമടിക്കുമ്പോഴും പെണ്ണുങ്ങൾ
മറ്റവളുടെ കുറ്റം പറഞ്ഞ്
കാർക്കിച്ചു തുപ്പി..

ഉപ്പു കടം തന്നതും
ഉൽസവത്തിനുടുക്കാൻ
സാരികൊടുത്തതുമെല്ലാം
ഉച്ചഭാഷിണിയില്ലാതെ തന്നെ
നാട്ടാരറിഞ്ഞു...


നട്ടപ്പാതിരായ്ക്കുള്ള
അയലത്തെ കുഞ്ഞുവാവയുടെ
നിർത്താത്ത കരച്ചിൽ
പെറ്റെടുക്കാത്ത വയറ്റിലും
ആധിപെരുക്കി...

കുഞ്ഞിനെന്താന്നോ...? എന്ന്
കുണ്ഡിതപ്പെട്ടിട്ട്
മണ്ണെണ്ണ വിളക്കുമായി
ആശങ്ക അയല്മുറ്റത്തേക്ക്
നടന്നുചെന്നു...

പിറ്റേന്ന്...

ഡവറാ പാത്രത്തിൽ
പലഹാരവുമായി
അയൽ വീട് വിരുന്നു വന്നു.
ചത്താൽ തിരിഞ്ഞു നോക്കില്ലെന്ന്
പരദൈവങ്ങളേ പിടിച്ച് ആണയിട്ടവർ
തെക്കേത്ത്
മറ്റാരെയോ പറ്റി
കുശുമ്പുപറഞ്ഞു നിന്നു..

2011, ജനുവരി 25, ചൊവ്വാഴ്ച

......പുരമേയുന്നന്ന് ......

കോട്ടേലപ്പൂപ്പാ... മഴയൊന്നും പെയ്തേക്കല്ലേ..എന്ന
അമ്മപെങ്ങന്മാരുടെ പ്രാർത്ഥനയോടെ
പുരകെട്ടിമേച്ചിൽ തുടങ്ങും....

അടുപ്പും,അരകല്ലുമൊഴിച്ച് എടുത്തുമാറ്റാവുന്ന
സ്ഥാവര ജംഗമങ്ങളെല്ലാം
വടക്കേ അയ്യത്ത് നിരാലംബരാകും..

പകലും നക്ഷത്രങ്ങളേ കാട്ടിത്തന്ന മേൽക്കൂര
വിരുന്നുകാർ വന്ന വീട്ടിലെ കോഴിയേപ്പോലെ
തൂവൽ പൊഴിക്കും....

കാണാതെ പോയചീപ്പ് മുതൽ
ചേച്ചിക്കാരോ കൊടുത്ത പ്രേമലേഖനം വരെ
കണ്ടെടുക്കപ്പെടും....

മൺഭിത്തിയുടെ വിടവുകളിലിരുന്ന്
പല്ലിമുട്ടകൾ അന്നാദ്യമായി ആകാശം കാണും

ഊറാൻ തിന്ന് ഉള്ളുപൊടിഞ്ഞ കഴുക്കോൽ
അടുത്ത മേച്ചിലിന്‌ മാറ്റണമെന്ന്
അച്ഛനാരോടോ അഭിപ്രായം പറയും

ഇഴക്കയറും,മുറുക്കാനും വാങ്ങാനായി
ഞാനന്ന് ഇല്ലാത്ത വണ്ടിയേറിപ്പായും..

ഉത്തരത്തിന്മേലിരിക്കുന്ന ഏട്ടന്‌
സൂര്യൻ മറ്റൊരുനാളുമില്ലാത്ത ദിവ്യപ്രഭ നൽകും.

മെടഞ്ഞടുക്കിയിരിക്കുന്ന ഓലകൾക്കിടയിൽ നിന്ന്
ഒരരണ... ഓടിയടുത്ത് വന്നിട്ട്
കടിക്കാൻ മറന്ന് തിരിച്ചുപോകും..

പുകയിറ കുടഞ്ഞുകളഞ്ഞ്,ഒരു പഴോല
പുത്തോലയേ പുണർന്ന് ആകാശത്തേക്ക് പറക്കും.

കുഞ്ഞുങ്ങളുറങ്ങുന്ന മരച്ചോട്ടിൽ അടുപ്പ് പുകച്ചതിന്‌
മരത്തിലിരുന്നൊരണ്ണാൻ അമ്മയേ
ഛിൽ ഛിൽ ഛിൽ എന്നു ചീത്തപറയും

വാരി വെട്ടിയൊതുക്കി ചാണകം മെഴുകിയ
എന്റെ ഓലപ്പുര
പായൽ പിടിച്ച ഓടുകളും
ചവിട്ടടി പതിഞ്ഞ സിമന്റ് തറകളുമുള്ള
അയൽ വീടുകളേ നോക്കി
കൊഞ്ഞനം കുത്തും..

2011, ജനുവരി 17, തിങ്കളാഴ്‌ച

ആത്മം

കുളിതെറ്റിയ ജാള്യവുമായി

മകളുടെ മംഗല്യപന്തലിൽ ഒരമ്മ.

അണിവയറിൽ അരുതായ്മയുടെ

അടയാള വാക്യമായി ഞാൻ.



മുതുകൂത്തിൽ വിരിഞ്ഞ മുരിക്കിൻപൂ

കൊഴിയാതെ കാത്ത ഭിഷ്വഗ്വരൻ

ചതുർദേവകൾക്ക് ഉപരി

തലതെറ്റാതെ കാത്ത ദൈവം.



കാൽ വയസ്സിന്റെ ഇളപ്പത്തിൽ

കളിക്കൂട്ടുകാരനേ തന്നപെങ്ങൾ

നാല്പ്പതിൽ ചുരനിന്ന പെറ്റവൾക്ക് പകരം

ശുഭ്രരക്തം പകുത്ത് അമ്മവേഷം കെട്ടി.



അമ്മയുടെ പേരുചോദിച്ചവരോട്

''അറുവാണി'' എന്ന് പറയിച്ചത്

അരിശം പുളിപ്പിച്ച അച്ഛന്റെ

അമോണിയ മണക്കുന്ന നാവ്.



കലികയറുമ്പോൾ അമ്മയ്ക്ക് ഞാൻ

പൂയം പെറ്റ കാലൻ

പിറപ്പ് ദോഷം കൊണ്ട്

ഉടപ്പിറന്നവനേ കൊന്നതിന്റെ ചൊരുക്ക്





കാലുപിറന്നവന്റെ കൊണവതിയാരത്തിൽ

ആദ്യം ലഭിച്ച ഉമ്മ പരതരുത്.

തല്ലിനോവിച്ചതെല്ലാം തിണർപ്പിനൊപ്പം മാഞ്ഞു

ചൊല്ലി നോവിച്ചത് പഴുത്ത് പഴുത്ത് .



എന്നെ പെറ്റത് തെറ്റുതന്നെയാണ്‌

അല്ലെങ്കിൽ അമ്മയുടെ ഗർഭപാത്രത്തിൽ

അർബ്ബുദത്തിന്റെ തീച്ചുംബനമേറ്റ

കാരണമെന്താണ്........?

നേർച്ചക്കോഴി

അങ്കവാലും പൂവും കണ്ട് ഭ്രമിക്കേണ്ട

കണ്ണിലെ മൃതിഭയം കണ്ട് രസിക്കേണ്ട

ഞാൻ നേദ്യം. ദേവകൾക്കല്ല.

ചോരവാർന്ന് കഴിഞ്ഞ്

കോവിലിന്റെ മേൽനോക്കികൾക്ക്





പറയിട്ടനെല്ലും അഭിഷേക ജലവും തന്ന്

പക്കോടെ പോറ്റുന്നത് ചന്തം കാണാനല്ല

നാവുനീട്ടി,കണ്ണുതള്ളി

മരണവെപ്രാളം കാട്ടുന്നകൽപ്രതിമയ്ക്ക്

ജീവജലംഎന്റെ ശീതരക്തം.





നാളെപുലരുമ്പോൾ എന്റെ കൊക്കറുക്കും

അതിനുമുൻപെനിക്കൊന്നുറക്കെ കൂകണം

ആരെയുമുണർത്താനല്ല.

വരുത്തുപോക്കുകൾവരവുവയ്ക്കാൻ,

കഴകക്കേടുകൾ തുറന്നുകാട്ടാൻ

വിശപ്പ്

എനിക്കന്നെല്ലായ്പ്പോഴും വിശപ്പേയുള്ളൂ ,നാവിൽ
വിശപ്പെന്നൊറ്റവാക്കേ അമ്മയോടുരിയാടൂ
വിശക്കുന്നമ്മേ...യെന്ന പല്ലവികേട്ടാലമ്മ
കടുപ്പിച്ചൊന്നു നോക്കും,ചിലപ്പോൾ തല്ലും കിട്ടും


കഞ്ഞിവേകും വരെ കളിക്കാനമ്മചൊന്നാൽ
കണ്ണൻ ചിരട്ടയിൽ മണ്ണപ്പം ചുടാനോടും
കണ്ണിമാങ്ങാ തേടും, ഉറുമ്പിൻ ജാഥ കാണും
കണ്ടോന്റെ പറമ്പിലെ അണ്ടിമോട്ടിക്കാൻ പോകും


കാളിയൻ വിശപ്പിനേ 'കളി'ക്കൂടയിൽ മൂടി
ഏകാന്ത ബാല്യമേതോ കിളിക്കൂടന്വേഷിക്കും
എങ്കിലും വൃകോദരം എന്തിനോ കാതോർക്കുന്നു
അമ്മയെങ്ങാനും ''മോനേ''എന്നിനി വിളിച്ചാലോ...?

അണ്ണനു തലമുറി ,എനിക്കെന്നും വാലെന്നമ്മ-
യോടെന്നും എച്ചിക്കണക്കു പറയുന്നോൻ
അമ്മയുണ്ടില്ലേലെന്തുറക്കം വരില്ലേന്ന്
അഞ്ചുവിരലും നക്കി ഉറിയിൽ കണ്ണേറ്റുന്നു

അടുപ്പിന്നോടമ്മ പായാരം പറയുമ്പോൾ
കുരയ്ക്കുന്നു ശ്വാനൻ,തുടൽ തുരുമ്പും ചിലയ്ക്കുന്നു
എരുത്തിൽ കോണിൽ ധ്യാനനിമഗ്നം അയവെട്ടും
ഋഷഭ ദ്വയങ്ങളോ എന്തിനോ കണ്ണോർക്കുന്നു.


വളർത്തുകോഴി കണ്ണിൽ വിശപ്പും പേറി
വാഴത്തടത്തിലെന്തോ ചിക്കിചികഞ്ഞു നടക്കുന്നു.
തടംവിണ്ടൊരുതെങ്ങ് തളർന്നൊരോലക്കയ്യാൽ
മഴമേഘ്ത്തേ മാടിവിളിച്ചു നീർ കേൾക്കുന്നു


കടയ്ക്കൽ കായ്ക്കും പ്ലാവും,ആറുമാസക്കമ്പും
മുറയ്ക്കാ കുടുമ്പത്തിൻ പട്ടിണി കെടുത്തുന്നു
ആറേഴു വയറുണ്ണാൻ പ്രദോഷം നോറ്റോൾക്കന്ന്
വിശപ്പെന്നാലോ പെറ്റ മക്കളിൻ ചിരിയത്രേ..!!!!!

അചുംബിത

അമ്മയുടെ ഒക്കത്തിരുന്ന് ആദ്യമായ് കാണുമ്പോൾ
എനിക്ക് നീ കടലായിരുന്നിരിക്കണം!!!!!!!!!!
കുളിപ്പിക്കാൻ അമ്മ കോരിവച്ച
ചരുവത്തിലെ ജലത്തിൽ കിണറു കണ്ടവന്‌
കടലുതന്നെയായിരുന്നിരിക്കണം നീ

പിന്നെയറിഞ്ഞു നീ കോട്ടേകായൽ...
കല്ലടയാറിന്റെ കാമബാണത്തിനെ
ബണ്ടിനാൽ തടുത്ത് കുലമഹിമ കാത്തവൾ.
ഒരു ജില്ലമുഴുവൻ കുടിച്ചുപെടുക്കുന്നവൾ..
കടലോ,പുഴയോ കന്യകാത്തം കവരാത്തവൾ
എണ്ണപ്പെട്ടവൾ,ഏഴുകടലിനുമപ്പുറം ഖ്യാതിയുള്ളവൾ.

മുങ്ങിചത്തവരുടെ കഥകൾ പറഞ്ഞ്
അമ്മ നിന്നെ രാക്ഷസിയാക്കിയെങ്കിലും
പള്ളിക്കൂടത്തിൽ കളിക്കാൻ വിടുമ്പോഴൊക്കെ
ഒളിച്ചോടിവന്ന് നിന്നെ നോക്കിനിൽക്കുമായിരുന്നു.
ഉണർന്നു ചിണുങ്ങുന്ന കുഞ്ഞിനെ താരാട്ടും പോലെ
ഓളക്കൈകളിൽ കടത്തുതോണികളെ നീ തൊട്ടിലാട്ടുന്നത്
കണ്ട് കൊതിച്ചിട്ടുണ്ടെന്റെ ബാല്യം.

കടവത്തെ പറങ്കിമാവിന്റെ ഇലപ്പടർപ്പുകൾക്കിടയിലൂടെയാണ്‌
സിനിമയിലല്ലാതെ ഞാൻ കുളിസീൻ കണ്ടത്..
കള്ളനായ് നിന്റെ കരയിലെ അക്ക്വേഷ്യകാടിനുള്ളിൽ
പതുങ്ങുമ്പോളാണ്‌ ആദ്യപാപം നേർക്കാഴ്ചയായത്.
ഓളംകലക്കിയ ഓരുവെള്ളത്തോടൊപ്പമാണ്‌
അരാജകത്വത്തിന്റെ തീർത്ഥജലം എന്നിലേക്ക് പകർന്നത്.

മണ്ണിടിച്ചും,മലീമസമാക്കിയും നിനക്ക്
കൊലച്ചോറുരുട്ടുന്നവർക്കൊപ്പം ഞാനുമുണ്ട്
വെളിക്കിരുന്നിട്ട് കടവിറങ്ങിയത്
വെളിപ്പെടുത്താതെയല്ല ഈ മുതലക്കണ്ണീർ.



എന്റെ പ്രിയതടാകം കേരളത്തിലെ ഏക ശുദ്ധജലതടാകം
ശാസ്താം കോട്ട കായലിനെകുറിച്ച് ഒരോർമ്മക്കുറി

നാകം

പെണ്ണേ...
നിന്റെ പ്രാർത്ഥന വിഫലം
സ്വർഗ്ഗരാജ്യം മണ്ണിൽ തന്നെ
പക്ഷെ നമുക്കിനി പ്രവേശനമില്ല..
ഒന്നുചെയ്യാം,നമ്മുടെ മകന്‌
ആ ഭാഗ്യം പകുത്ത് നൽകാം
കിടക്കവിരിക്കുക,
ഈ ആലിലവയറിൽ
അവനും പത്തുമാസം
സ്വർഗ്ഗസ്ത്ഥനാവട്ടെ..

വ്രണിതം

നിന്റെ മിഴികളിൽ, മരണവീട്ടിലെ നിശബ്ദത
ഇമയനക്കങ്ങളിൽ,ചിതയിലെ ആളൽ..
പുരികങ്ങൾ,മരണമറിഞ്ഞെത്തിയവരെപ്പോലെ
നിശബ്ദമിരിക്കുന്നു...

നിന്റെ പുഞ്ചിരി,എനിക്കുള്ള സഞ്ചയനക്കാർഡ്
വ്യസനസമേതം, എന്റെ വിശപ്പുതീർക്കാൻ
മരിച്ചവളുടെ കുറിമാനം..

നിന്റെ രഹസ്ത്ഥലികൾ,എനിക്ക് പഷ്ണിക്കഞ്ഞി
ഉടലുറവിന്റെ കടുന്തുടി,യമകിങ്കരന്റെ മഹിഷസഞ്ചാരം..

പ്രണയം നിരസിച്ചവളേ പകയോടെ ഭോഗിക്കാൻ
ഉടല്‌ കടം തന്നതിന്‌ നിനക്ക് നന്ദി..

അളമുട്ടിയവളുടെ അനുഭവ കഥനം കൊണ്ട്
നഷ്ടബോധത്തിന്റെ തീ കെടുത്തിയവൾക്കായി
ഈ സ്ഖലിതം..

കമ്മട്ടങ്ങൾ പ്രസവിച്ച കടലാസു ദൈവം
നിന്റെ നിമിഷങ്ങൾക്ക് വിലപേശുന്നു..

ഒരു മഗ്ഗ് വെള്ളത്തിന്റെ വിലയിട്ട്
എന്നെയും നീ അഴുക്കുചാലിലേക്കൊഴുക്കുക...

വിയർപ്പുമണക്കുന്ന ഈ ഓർമ്മകൾ കൊണ്ട്
വ്യഭിചാരത്തിന്റെ വിശുദ്ധകാവ്യം രചിക്കട്ടെ ഞാൻ..