2010, മേയ് 26, ബുധനാഴ്‌ച

സഹയാത്രികൻ




അമ്മയെന്നെ പ്രസവിച്ച മാത്രയിൽ..
അമ്പരപ്പിൽ കരയുന്ന വേളയിൽ..
കണ്ടു ഞാനെൻ മരണമേ നീയെന്റെ
പിഞ്ചുഝായയിൽ പതുങ്ങിക്കിടപ്പത്..

മുട്ടുകാലിൽ ഇഴഞ്ഞപ്പോഴും പിന്നെ
പിച്ചവച്ചു നടപ്പോഴും എന്റെ
തൊട്ടുപിന്നിൽ നിതാന്ത ജാഗ്രത്തുമായ്
കൊച്ചിലേമുതൽ കാണുന്നു ഞാൻ നിന്നെ..

പഞ്ഞമാസ പെരുമഴക്കാലത്ത്
തോട്ടിലെ കുളിർ വെള്ളത്തിലാഴ്ത്തിയും
കൊള്ളിയാനിൽ, ഇടിമുഴക്കങ്ങളിൽ
ഉള്ളുപൊള്ളിച്ചുറക്കം കെടുത്തിയും..

വാതപിത്തകഫജന്യ രോഗങ്ങൾ
മാറി മാറി പരീക്ഷിച്ച് നോക്കിയും
മാറിലെ തുടിത്താളം കെടുത്തുവാൻ
ഏറെ ഏറെ പരിശ്രമിക്കുന്നു നീ..

എത്രയോ വട്ടമെന്റെ കിനാക്കളിൽ
ഞെട്ടലോടെ കടന്നെത്തിയെൻ
രക്തസമ്മർദ്ദം ഏറ്റിക്കുറച്ചെന്റെ
ഹൃത്തടത്തിലെ നോവായി മാറി നീ..

പട്ടടക്കായ് വളർത്തിയ മാവിനെ
വെട്ടിവീഴ്ത്താൻ മഴുക്കളുമായി നീ
തെക്കിനിയിലെ തിണ്ടിലിരിപ്പെന്ന്
തപ്തനിശ്വാസം എന്നോടുചൊല്ലി..

ഒന്നറിയുക, നീയെൻ മരണമേ..
നിന്റെ ആജ്ഞ അനുസരിച്ചീടുവാൻ
തെല്ലുമേ മടിയില്ലെനിക്കിന്നതിൽ..
ഉള്ളതാനന്ദമെന്നറിഞ്ഞീടുക..

ഈയിരുപ്പിലെൻ ഹൃത്തിലെ സ്പന്ദനം
നീ മുറിച്ചാൽ.. നിലപ്പിച്ചുവെന്നാൽ..
കള്ളമില്ലാതെ കണ്ണീരുവാർക്കാൻ
ഉള്ളതാരെന്നറിയുക നീയും..

ചേറുവാരിക്കളിച്ച സഖാക്കൾ..
ചോരിവായിൽ പാലിറ്റിയ തായും,
ചോരകൊണ്ടു മെനഞ്ഞ ബന്ധങ്ങൾ
ഏറെയുണ്ടെന്റെ ഗാഥകൾ പാടാൻ..

നീയെനിക്കു ശവക്കുഴി തീർത്താൽ..?
മായുകില്ലെന്റെ കാവ്യ പ്രപഞ്ചം..
നൂറുകോടിയിലൊരുത്തനെൻ പാട്ടിൻ..
ശീലുപാടുമെന്നോർക്കുക നീയും..

എൻ പ്രിയർക്കെന്റെ ഓർമ്മകൾ വന്നാൽ..
എന്റെ കാവ്യങ്ങൾ വായിച്ചുവെന്നാൽ..
അന്നെനിക്കു പുനർജ്ജനിയുണ്ടാം..
ചൊല്ലീടാര് വിജിഗീഷുവെന്ന്.. ?

- സുനിലൻ

കൂട്ടം കവിതാ മത്സരത്തിൽ സമ്മാനാർഹമായ കവിത.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ