2010, മേയ് 23, ഞായറാഴ്‌ച

മേഘചരിതംമേഘംനദിയെ പ്രണയിച്ചിരുന്നു......
ധനുമാസരാവുകളിൽ ഉരുളൻ കല്ലുകളെ-
തഴുകി അവൾ ഒഴുകുന്നതുനോക്കി
അവൻ നിർവൃതികൊണ്ടു.......!!!
നദിക്കു കടലിനോടായിരുന്നു പ്രണയം....
ബലിഷ്ട്ടങ്ങളായ തിരക്കൈകളാൽ
വരിഞ്ഞുമുറുകാൻ കൊതിച്ച്,
അവൾ കടലുതേടി ഒഴുകി.......
മീനമാസത്തിലെ ഒരു പകൽനേരത്ത്
മേഘംകണ്ടത് വറ്റാൻ തുടങ്ങുന്ന
നദിയെയാണ്‌...
വരണ്ടുണങ്ങി വേച്ചുനീങ്ങുന്ന
അവളെ കണ്ട് അവൻ
കത്തിജ്വലിക്കുന്ന സൂര്യനെമറച്ച്
അവൾക്ക്തണലേകുവാൻ ശ്രമിച്ചു..
എന്നാൽ നിഷ്ഠൂരനായ ചുടുകാറ്റ്
അവനെ തുരത്തിക്കളഞ്ഞു..
ഇടവം- മിധുനമായപ്പോഴേക്കും
അവൾ നന്നേ ശോഷിച്ചിരുന്നു....
കാറ്റുനയിച്ച വഴികളിലലഞ്ഞലഞ്ഞ്
ഒരു കർക്കിടകപ്പുലരിയിൽ
അവൻ തിരികെയെത്തിയപ്പോൾ
അവൾ മരണക്കിടക്കയിൽ
ഊർദ്ധ്വൻ വലിക്കുകയായിരുന്നു..
അവളുടെ അവസ്ഥ കണ്ട്
അവൻ കണ്ണീർവാർത്തു..
ഇമചിമ്മിയുള്ള അവന്റെ തേങ്ങൽ
മിന്നൽ പിണരുകളായി..
അവന്റെ ഗദ്ഗദങ്ങൾ ഇടിമുഴക്കങ്ങളും...
ഒടുവിൽകണ്ണീരായി അവൻ
അലിഞ്ഞില്ലാതായപ്പോൾ..
അവൾ കരകവിഞ്ഞൊഴുകുകയായിരുന്നു..

-സുനിലൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ