2011, മാർച്ച് 31, വ്യാഴാഴ്‌ച

ബോധി

മീനക്കൊടും ചൂടിൽ

ക്ഷുബ്ദമാം കാറ്റേറ്റ്

ഭ്രാന്തെടുത്തുറയുന്ന

ആല്മരച്ചോട്ടിലായ്

മൗനിയായ്,ധ്യാനിയായ്

കൗപീനധാരിയായ്

സാർവ്വ ലൗകീകം

ത്യജിച്ച തരുണനിൻ

ചുറ്റും നുരയ്ക്കും

പുരുഷാരമെന്തിനോ

പൊട്ടിച്ചിരിക്കുന്നു

ഭ്രാന്തനെന്നാർക്കുന്നു

കൂട്ടുകാരൻ

പള്ളിക്കൂടം വിട്ടോടുമ്പോൾ

വഴുതിവീണ്‌ മുട്ടുപൊട്ടിയപ്പോൾ

കരയെണ്ടാടാ എന്നുപറഞ്ഞ്

മുറിവിലൂതിതന്നവൻ..



പുസ്തകം കടം തന്നവൻ

ഉച്ചയ്ക്ക് പട്ടിണിക്ക് കൂട്ടീരുന്നവൻ.

അഞ്ചുപൈസയുടെ നാരങ്ങാമിഠായി

കടിച്ചുപകുത്ത് വലിയപങ്ക് എനിക്കുതന്നവൻ.



സ്വപ്നങ്ങളിലെ രാജകുമാരിയോടുള്ള

ഇഷ്ടം അവളേ അറിയിക്കാൻ

പിറകെ നടന്ന് എന്റെ പേരുചൊല്ലി

ചൊടിപ്പിച്ചവൻ...



മറ്റൊരുത്തനുമായുള്ള തല്ലിനിടയിൽ

പൊട്ടിവീണിട്ട്

തൊട്ടുപോകരുത് പന്നീ

എന്നവന്റെ കുത്തിനു പിടിച്ച് പറഞ്ഞവൻ.



നല്ലതിനും കെട്ടതിനും കൂട്ട് നിന്നിട്ട്

എന്നും എന്റെ അമ്മയുടെ

വായീന്ന് ചീത്തകേട്ടിട്ട്

ഒന്നുമില്ലെടാ എന്ന്

കണ്ണടച്ച് ചിരിച്ചു നടന്നവൻ.



വണ്ടികേറ്റാൻ വരുമ്പോ

ഇന്നെന്താ കണ്ണിനിത്ര നീറ്റലെന്ന്

സ്വഗതം പറഞ്ഞിട്ട്

,പുണരുമ്പോൾ പുറം നനച്ചവൻ



ഉള്ളുപൊള്ളിയിരിക്കുമ്പോൾ വിളിച്ചിട്ട്

എന്തൊക്കെയുണ്ടളിയാ വിശേഷമെന്ന്

കോടമഞ്ഞായ് കുളിര്‌ പകർന്നവൻ.

കൊച്ചുകുറുപ്പ് സാർ

നീലം മുക്കിയ പോളീസ്റ്റർ മുണ്ടിന്റെ

സുതാര്യത കാട്ടിത്തന്ന

പാളക്കരയനെ പരിഹസിച്ചതിനാണ്‌

''എഴുന്നേറ്റ് നിൽക്കെടാ കാളേ'' എന്ന്

ഇടവപ്പാതി മഴപോലെ

ക്ലാസ് മുറിയിൽ ചിരിയുയർത്തിയത്.



പ്രതിഷേധ സൂചകമായി

നിന്റെ പ്രതിഭാഷ ഗൗനിക്കാതെ

പുറത്തേക്ക് നോക്കി നിന്നതിനാണ്‌

എന്നെ മഴയത്തിറക്കി വിട്ടത്.



പതിനാലിനുള്ളിൽ പഠിച്ച തെറിയൊക്കെ

പൂച്ചം പറഞ്ഞുകൊണ്ട്

പ്രതിഭാ ടെക്സ്റ്റൈൽസിന്റെ

പുസ്തക സഞ്ചിയുമായി

പടിയിറങ്ങുമ്പോൾ

പിറകിൽ നിന്നും വിളിച്ചു....



എവിടേലും പോയി ''തൊലഞ്ഞാൽ''

മറുപടി പറയേണ്ടത് ഞാനാ.. എന്ന്

അനുഭാവമല്ലെന്നറിയിച്ചിട്ട്

കയറിയിരിക്കാൻ പറഞ്ഞു.



പിറകിലെ ബെഞ്ചിലിരുന്ന്

കിരിയം കുത്തുമ്പോഴൊക്കെ

പഠിപ്പിച്ചതിൽ നിന്നും

പറഞ്ഞു ഫലിപ്പിക്കാനാവാത്ത

ഉത്തരമുള്ള ഒരു ചോദ്യം വലിച്ചെറിഞ്ഞ്

എന്നെ ഇളിഭ്യനാക്കി.



പഠിപ്പിൽ മുൻപന്മാരായ

മിടുക്കന്മാരൊക്കെ

തളപ്പില്ലാതെ കേറി

അർത്ഥ വ്യത്യാസവും

പര്യായപദവും, വിപരീതവും

വെട്ടി വീഴ്ത്തുമ്പോൾ.



അപകർഷത്തിന്റെ ചെല്ലികുത്തിയ

ഒന്നോ രണ്ടോ വഴിപാട് വാക്കുകൾ

എന്നിൽ നിന്നും ഉണങ്ങിക്കൊഴിഞ്ഞു.



ചതുർത്ഥി കാണുന്നതിനു തുല്യമായിരുന്നു

എനിക്ക് നിങ്ങൾ

പകർത്തിയെഴുതാതെ ചെന്നതിന്‌

പഠിപ്പു നിർത്തി ''ചാണകം വാരാൻ പോടാ''

എന്നു പറഞ്ഞതിന്റെ

ചൊരുക്കായിരുന്നു അത്...



ഒടുവിൽ പരീക്ഷപാസായ സന്തോഷത്തോടെ

''എസെൽസി ''ബുക്ക് വാങ്ങാൻ വരുമ്പോൾ

നോട്ടീസിൽ പടം വന്ന ഗമക്കാർക്കിടയിൽ

ഓഫീസ് മുറിയിൽ കുശല പ്രശ്നങ്ങൾ



''നെനക്കിവിടെന്താ കാര്യം....'' എന്ന

ചിരിക്കൊപ്പം കുഴച്ച ചോദ്യത്തിന്‌

''എസെൽസി ബുക്ക് വാങ്ങാനാ സാറേ..''

എന്നു മറുപടി പറഞ്ഞു.



ജെയിച്ചവരുടെ ബുക്കാ കൊടുക്കുന്നെ

നെനക്കൊള്ളത് എത്തിയില്ലെന്ന പരിഹാസം

ഗമക്കാരുടെ ചിരിക്കൊപ്പം

പാതാളക്കിണർ തോണ്ടി. ...



''ജെയിച്ചു ഞാനും സാറേ..''എന്ന

എന്റെ തലപ്പൊക്കത്തിനേ

''കോപ്പിയടിച്ചാവും'' എന്ന്

തോട്ടികൊരുത്ത് മെരുക്കി .



ഒടുവിൽ ബുക്ക് റിസീവ്ഡ് എന്ന്

എഴുതിയൊപ്പിടാൻ പറഞ്ഞപ്പോൾ

അവസരം കാത്തിരുന്ന മിധ്യാഭിമാനം

ഫണം വിടർത്തിയാടി.



ചടങ്ങു മതി സാറേ...

ആഡംബരം വേണ്ടാ.. എന്ന്

പ്രതികാരവാഞ്ചയോടെ പറഞ്ഞിട്ട്

"എസ് .എസ് .എൽ .സി ബുക്ക്

കൈപ്പറ്റിയിരിക്കുന്നു" എന്ന്

തനിമലയാളത്തിലെഴുതി ഒപ്പിട്ട്

മലയാളം സാറിനോട് പകവീട്ടി.



''നീ നന്നാവത്തില്ലെടാ ''എന്ന്

അന്ന് പറഞ്ഞത്

ഗുരുശാപമായിരുന്നെന്ന്

അന്നെനിക്കറിയില്ലായിരുന്നു സാറേ....



എഴുമ്പേറാതെ ഇന്നും

ഇടം വലം തിരിഞ്ഞു ഉറക്കം പരതുമ്പോൾ

ഇടിമിന്നൽ പോലെ ആ വാക്കുകൾ

എന്നെ എരിക്കുന്നു സാറേ...



തറുതല പറഞ്ഞതിനും

കുരുത്തക്കേടിനും

പതിരിനു വളം വയ്ക്കും പോലെ

മാപ്പ് ചോദിക്കുന്നു .

മനസ്സുനൊന്താണ്‌

സാറന്നങ്ങനെ പറഞ്ഞതെങ്കിൽ

ഒരിക്കലുമീ ഉമിത്തീ

കെടാതിരിക്കട്ടെ....

കളിപ്പാട്ടങ്ങൾ

കളർപെൻസിലും
കീകൊടുത്താലോടുന്ന കാറും
വാങ്ങിത്തരാൻ പാങ്ങില്ലാത്ത
മുതുകാളയെ തള്ളിനടന്ന് മുതുകുവളഞ്ഞ
എന്റെ അച്ഛൻ.
ഉഴവുചാലിൽ തെളിഞ്ഞുവന്ന സീതയേ
കളിപ്പാട്ടമായികൊണ്ട് തന്നിട്ട്
വിരൽ തൊടുമ്പോൾ ഉള്ളിലേക്ക് വലിയുന്ന
കാലും തലയും കണ്ട് മിഴിച്ചിരിക്കുന്ന എന്നെനോക്കി
പരമാനന്ദമനുഭവിച്ച് ചിരിക്കും.


സൃഷ്ടിയുടേ സമ്മോഹനാണ്ഡം തേടി
വാലിളക്കി പായുന്ന രേതോബീജം പോലെ
കലപ്പ കളങ്കിതയാക്കിയ മണ്ണിൽനിന്നും
പുറത്തേക്ക് നൂഴുന്ന മണ്ണിരയേ കൊത്താൻ
തരം നോക്കി പിറകേ വരുന്ന
കഴുത്തു നീണ്ട മാലാഖയേ
മാല്‌കാളയുടെ തുടവിറപ്പിക്കുന്ന ചാട്ട വീശിപ്പിടിച്ച്
കൊണ്ടുത്തരുമ്പോൾ
അമ്പിളിയമ്മാവനെ
കൈയ്യിൽ കിട്ടിയ സന്തോഷം നിങ്ങൾക്ക്
പറഞ്ഞാൽ മനസിലാകുമോ...?

പിടിതരാതെ വഴുതി നീന്തുന്ന വരാൽ ജീവിതത്തെ
വഴിമടക്കിപ്പിടിച്ച് പഴങ്കഞ്ഞിമണം മാറാത്ത
ചോറ്റുപാത്രത്തിലാക്കി കൊണ്ടുത്തഅരുന്നത്
ഒന്നു ഭാവനയിൽ കാണാമോ...?

ചിറകൊടിഞ്ഞ കിറുങ്ങണത്തിയും
മുലതിരഞ്ഞു കരയുന്ന അണ്ണാൻ കുഞ്ഞും
വഴിയരികിലൊരിക്കലും അനാഥരാക്കപ്പെട്ടില്ല..

നെടുമരത്തിലിരുന്ന് ചെളിവെള്ളത്തിലൂടെ
കുളിരുകോരുന്ന യാത്ര ചെയ്തവർ
എത്രപേരുണ്ട് നിങ്ങളിൽ...?

മലനടയിൽ കുതിരയെടുത്ത് മടങ്ങിവരുംമ്പോൾ
തെറുപ്പ് ബീഡിയുടേയും പട്ടച്ചാരായത്തിന്റേയും
മണമുള്ള ഉമ്മയ്ക്കൊപ്പം തന്ന
മത്തങ്ങാ ബലൂണിനുള്ളിലെ കടുക്
ഇപ്പോൾ നിർത്താതെ കിലുങ്ങുന്നു...!!!!

പതിത

മെനക്കെട്ട് പെയ്യുന്ന മഴയത്ത്,
ഇരുട്ടത്ത് നിന്ന മാവിനേ
കാറ്റ് ബലാൽസംഗം ചെയ്തു.

ഇലക്കൈകൾ വീശി
അലറിക്കരഞ്ഞിട്ടും
കരുത്തൻ ആഞ്ഞിലിയും
ബലത്ത തേക്കും
കണ്ടും,കാണാതെ
കേട്ടും,കേൾക്കാതെ നിന്നു.

അടുത്തനാൾ
ഇവൾക്കീ ഗതി വന്നല്ലോ
എന്ന് കണ്ണീർ പൊഴിച്ചുനിന്ന
മരങ്ങൾക്ക് നടുവിൽ
പിളർക്കപ്പെട്ട ശിഖരത്തിൽ നിന്നും
ഒലിച്ചിറങ്ങിയ രക്തക്കറയുമായി
അവൾ നിന്നു.

വരത്തൻ പറങ്കിമാവിന്റെ
വേരുകൾ കൊണ്ടുള്ള തോണ്ടലും
ശാഖകൾ കൊണ്ടുള്ള തലോടലും
കണ്ടില്ലെന്ന് നടിച്ച്
കാത്തുവച്ച കന്യകാത്വമാണ്‌
കവർച്ച ചെയ്യപ്പെട്ടത്.

കിഴക്കൻ മലയിലെവിടെയോ
ഒളിവിൽ പോയ കാറ്റ്
പിന്നെ തിരികെ വന്നില്ല.

പിഴച്ചുണ്ടായ ഇത്തിൾ കുഞ്ഞിനേയും
ഒക്കത്ത് വച്ച്
മാവിപ്പോഴും
വഴിവക്കത്ത്
മരിച്ചു ജീവിച

കെറുവ്

അങ്ങേ പോവരുത്....
അവരുമായിട്ട് നമ്മള്‌ വഴക്കാ...
എന്ന അമ്മമാരുടെ വിലക്കാണ്‌
രണ്ടുവീടുകളേയും തമ്മിൽ പിണക്കിയത്..

പെണ്ണുങ്ങൾ തമ്മിലെ മൂക്കിൽ കെറുവ്
ഒന്നും രണ്ടും പറഞ്ഞു തുടങ്ങി
അന്തിമയങ്ങിയപ്പോൾ
ഒന്നിനൊൻപതാക്കി
ആണുങ്ങളിൽ അങ്കക്കലി നിറച്ചു..


കണ്ണു കീറുംമുൻപ്
ഒറക്കപ്പായേന്നെഴുന്നേറ്റ്
മുറ്റത്ത് മൂത്രമൊഴിച്ചുകൊണ്ട് നിന്ന
നാലു കണ്ണുകൾ
തിക്കും പക്കും നോക്കി ചിരിച്ചു.

പിന്നെ ഒരുകെട്ട് തീപ്പെട്ടിപ്പടം
അയല്മുറ്റത്തേക്ക് പറന്നു
തിളക്കം മങ്ങാത്ത
ഒരു പുത്തൻ ഗോലി ഇങ്ങോട്ടേക്കൂം..

മുട്ടയിടാനിടം തേടി
കോഴി കൊക്കിനടക്കുന്നപോലെ
മുറ്റമടിക്കുമ്പോഴും പെണ്ണുങ്ങൾ
മറ്റവളുടെ കുറ്റം പറഞ്ഞ്
കാർക്കിച്ചു തുപ്പി..

ഉപ്പു കടം തന്നതും
ഉൽസവത്തിനുടുക്കാൻ
സാരികൊടുത്തതുമെല്ലാം
ഉച്ചഭാഷിണിയില്ലാതെ തന്നെ
നാട്ടാരറിഞ്ഞു...


നട്ടപ്പാതിരായ്ക്കുള്ള
അയലത്തെ കുഞ്ഞുവാവയുടെ
നിർത്താത്ത കരച്ചിൽ
പെറ്റെടുക്കാത്ത വയറ്റിലും
ആധിപെരുക്കി...

കുഞ്ഞിനെന്താന്നോ...? എന്ന്
കുണ്ഡിതപ്പെട്ടിട്ട്
മണ്ണെണ്ണ വിളക്കുമായി
ആശങ്ക അയല്മുറ്റത്തേക്ക്
നടന്നുചെന്നു...

പിറ്റേന്ന്...

ഡവറാ പാത്രത്തിൽ
പലഹാരവുമായി
അയൽ വീട് വിരുന്നു വന്നു.
ചത്താൽ തിരിഞ്ഞു നോക്കില്ലെന്ന്
പരദൈവങ്ങളേ പിടിച്ച് ആണയിട്ടവർ
തെക്കേത്ത്
മറ്റാരെയോ പറ്റി
കുശുമ്പുപറഞ്ഞു നിന്നു..