2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

അനുയോജ്യമായ ചിഹ്നങ്ങൾ ചേർത്തു വായിക്കുക

(1)ഇരുട്ടിവെളുക്കുംവരെ
ചുമച്ചുതുപ്പുന്ന
അച്ഛനുള്ളപ്പോൾ
വളർത്തുപട്ടിയ്ക്ക്
വിഷം കൊടുത്താലെന്താ(2)അനിയത്തിയുടെ
അവിഹിത ഗർഭത്തെ
അനുഭവങ്ങളുടെ
തീച്ചൂളയെന്ന്
കൊണ്ടാടുന്നൊരു
കവിയുണ്ടത്രേ


(3)അരയ്ക്കാനൊരുതേങ്ങയ്ക്കോ
ഉടുക്കാനൊരുമുണ്ടിനോ
വീമ്പില്ലാത്തവന്റെ ഭാര്യ
ഇരുട്ടത്ത് അടുക്കളപ്പുറത്ത്
അരിക്കാശിനുവേണ്ടി


(4)മലപ്പുറത്തൊരുകാക്ക
മലർന്നുപറന്നത്രേ
ബിസിനസ് ക്ലാസിൽ
ടിക്കറ്റെടുത്തതിന്റെ ഗുണം


(5)വിശക്കുന്നവന്റെ വയറ്റിലേ
വിരശല്യമുണ്ടാവൂ


(6)കറവ വറ്റിയപയ്യിനെ
അറവുശാലയിൽ തള്ളാം
കവിത വറ്റിയ കവിയേയോ


പ്രണയമേ

പ്രണയമേ...എന്നെ ഒറ്റയാനാക്കി നീ..
പതിതനെന്നേ വ്യാമോഹിയാക്കി നീ..
ഇരുളിലിടറുന്ന റാന്തല്‍ ത്തിരിയിലെന്‍
കരളുരുക്കി കളിപ്പാട്ടമാക്കി നീ.....

പ്രണയമേ...നിന്റെ നീലരക്തത്തിലെന്‍
കവനതൂലിക മുക്കിക്കുറിക്കുമീ
വരികളില്‍ എന്റെ നോവിന്റെ കല്പനാ
പ്രളയമുണ്ടായിരുന്നാല്‍ പൊറുക്കുക...

പ്രണയമേ...എന്റെബോധോപബോധത്തിൽ
കവിതപെയ്യും കിനാവുവിതാനിച്ച്
പലരിലൊരുവനായ് ജീവിച്ചൊരെന്നെനീ
പകലുമുണരാത്ത സ്വപ്നാടകനാക്കി..

പ്രണയമേ...എത്രയോദ്ധാക്കളേ നിന്റെ
മധുരമൂറും കറുപ്പില്‍ മയക്കി നീ..
കടലുനീന്തിക്കടക്കാനുറച്ചവര്‍
കപടനാടകമാടിത്തളർന്നുപോയ്

പ്രണയമേ... എന്റെ ചിന്താസരണിയിൽ
ശലഭവര്‍ണ്ണങ്ങള്‍ ചാലിച്ചുചേര്‍ത്തെന്നെ
വ്യതിഥകാമം കരയിച്ച വിഡ്ഡിയാം
കഴുതയാക്കി നീ.. കാമുകനാക്കി നീ..

പ്രണയമേ...എന്റെ പഞ്ചേന്ത്രിയങ്ങളേ
പ്രതികരിക്കാത്ത പ്രതിഭാസമാക്കിയെൻ
ചപലമോഹങ്ങള്‍ പേറും മനസ്സിനെ
വിരഹനോവിന്‍ ഉമിത്തീയില്‍ നീറ്റിനീ..

പ്രണയമേ... നിന്റെ കാല്‍ തൊട്ടുകുമ്പിടാം
ഇനിയുമെന്നേ നീ കൊല്ലാതെകൊല്ലല്ലേ...
ഇനിയെനിക്കൊന്നുറങ്ങണം ശാന്തമായ്
ഇടയിലെന്നെ ഉണർത്തല്ലെ നിർദ്ദയം....
സുനിലന്‍