2011, ജനുവരി 25, ചൊവ്വാഴ്ച

......പുരമേയുന്നന്ന് ......

കോട്ടേലപ്പൂപ്പാ... മഴയൊന്നും പെയ്തേക്കല്ലേ..എന്ന
അമ്മപെങ്ങന്മാരുടെ പ്രാർത്ഥനയോടെ
പുരകെട്ടിമേച്ചിൽ തുടങ്ങും....

അടുപ്പും,അരകല്ലുമൊഴിച്ച് എടുത്തുമാറ്റാവുന്ന
സ്ഥാവര ജംഗമങ്ങളെല്ലാം
വടക്കേ അയ്യത്ത് നിരാലംബരാകും..

പകലും നക്ഷത്രങ്ങളേ കാട്ടിത്തന്ന മേൽക്കൂര
വിരുന്നുകാർ വന്ന വീട്ടിലെ കോഴിയേപ്പോലെ
തൂവൽ പൊഴിക്കും....

കാണാതെ പോയചീപ്പ് മുതൽ
ചേച്ചിക്കാരോ കൊടുത്ത പ്രേമലേഖനം വരെ
കണ്ടെടുക്കപ്പെടും....

മൺഭിത്തിയുടെ വിടവുകളിലിരുന്ന്
പല്ലിമുട്ടകൾ അന്നാദ്യമായി ആകാശം കാണും

ഊറാൻ തിന്ന് ഉള്ളുപൊടിഞ്ഞ കഴുക്കോൽ
അടുത്ത മേച്ചിലിന്‌ മാറ്റണമെന്ന്
അച്ഛനാരോടോ അഭിപ്രായം പറയും

ഇഴക്കയറും,മുറുക്കാനും വാങ്ങാനായി
ഞാനന്ന് ഇല്ലാത്ത വണ്ടിയേറിപ്പായും..

ഉത്തരത്തിന്മേലിരിക്കുന്ന ഏട്ടന്‌
സൂര്യൻ മറ്റൊരുനാളുമില്ലാത്ത ദിവ്യപ്രഭ നൽകും.

മെടഞ്ഞടുക്കിയിരിക്കുന്ന ഓലകൾക്കിടയിൽ നിന്ന്
ഒരരണ... ഓടിയടുത്ത് വന്നിട്ട്
കടിക്കാൻ മറന്ന് തിരിച്ചുപോകും..

പുകയിറ കുടഞ്ഞുകളഞ്ഞ്,ഒരു പഴോല
പുത്തോലയേ പുണർന്ന് ആകാശത്തേക്ക് പറക്കും.

കുഞ്ഞുങ്ങളുറങ്ങുന്ന മരച്ചോട്ടിൽ അടുപ്പ് പുകച്ചതിന്‌
മരത്തിലിരുന്നൊരണ്ണാൻ അമ്മയേ
ഛിൽ ഛിൽ ഛിൽ എന്നു ചീത്തപറയും

വാരി വെട്ടിയൊതുക്കി ചാണകം മെഴുകിയ
എന്റെ ഓലപ്പുര
പായൽ പിടിച്ച ഓടുകളും
ചവിട്ടടി പതിഞ്ഞ സിമന്റ് തറകളുമുള്ള
അയൽ വീടുകളേ നോക്കി
കൊഞ്ഞനം കുത്തും..

2011, ജനുവരി 17, തിങ്കളാഴ്‌ച

ആത്മം

കുളിതെറ്റിയ ജാള്യവുമായി

മകളുടെ മംഗല്യപന്തലിൽ ഒരമ്മ.

അണിവയറിൽ അരുതായ്മയുടെ

അടയാള വാക്യമായി ഞാൻ.മുതുകൂത്തിൽ വിരിഞ്ഞ മുരിക്കിൻപൂ

കൊഴിയാതെ കാത്ത ഭിഷ്വഗ്വരൻ

ചതുർദേവകൾക്ക് ഉപരി

തലതെറ്റാതെ കാത്ത ദൈവം.കാൽ വയസ്സിന്റെ ഇളപ്പത്തിൽ

കളിക്കൂട്ടുകാരനേ തന്നപെങ്ങൾ

നാല്പ്പതിൽ ചുരനിന്ന പെറ്റവൾക്ക് പകരം

ശുഭ്രരക്തം പകുത്ത് അമ്മവേഷം കെട്ടി.അമ്മയുടെ പേരുചോദിച്ചവരോട്

''അറുവാണി'' എന്ന് പറയിച്ചത്

അരിശം പുളിപ്പിച്ച അച്ഛന്റെ

അമോണിയ മണക്കുന്ന നാവ്.കലികയറുമ്പോൾ അമ്മയ്ക്ക് ഞാൻ

പൂയം പെറ്റ കാലൻ

പിറപ്പ് ദോഷം കൊണ്ട്

ഉടപ്പിറന്നവനേ കൊന്നതിന്റെ ചൊരുക്ക്

കാലുപിറന്നവന്റെ കൊണവതിയാരത്തിൽ

ആദ്യം ലഭിച്ച ഉമ്മ പരതരുത്.

തല്ലിനോവിച്ചതെല്ലാം തിണർപ്പിനൊപ്പം മാഞ്ഞു

ചൊല്ലി നോവിച്ചത് പഴുത്ത് പഴുത്ത് .എന്നെ പെറ്റത് തെറ്റുതന്നെയാണ്‌

അല്ലെങ്കിൽ അമ്മയുടെ ഗർഭപാത്രത്തിൽ

അർബ്ബുദത്തിന്റെ തീച്ചുംബനമേറ്റ

കാരണമെന്താണ്........?

നേർച്ചക്കോഴി

അങ്കവാലും പൂവും കണ്ട് ഭ്രമിക്കേണ്ട

കണ്ണിലെ മൃതിഭയം കണ്ട് രസിക്കേണ്ട

ഞാൻ നേദ്യം. ദേവകൾക്കല്ല.

ചോരവാർന്ന് കഴിഞ്ഞ്

കോവിലിന്റെ മേൽനോക്കികൾക്ക്

പറയിട്ടനെല്ലും അഭിഷേക ജലവും തന്ന്

പക്കോടെ പോറ്റുന്നത് ചന്തം കാണാനല്ല

നാവുനീട്ടി,കണ്ണുതള്ളി

മരണവെപ്രാളം കാട്ടുന്നകൽപ്രതിമയ്ക്ക്

ജീവജലംഎന്റെ ശീതരക്തം.

നാളെപുലരുമ്പോൾ എന്റെ കൊക്കറുക്കും

അതിനുമുൻപെനിക്കൊന്നുറക്കെ കൂകണം

ആരെയുമുണർത്താനല്ല.

വരുത്തുപോക്കുകൾവരവുവയ്ക്കാൻ,

കഴകക്കേടുകൾ തുറന്നുകാട്ടാൻ

വിശപ്പ്

എനിക്കന്നെല്ലായ്പ്പോഴും വിശപ്പേയുള്ളൂ ,നാവിൽ
വിശപ്പെന്നൊറ്റവാക്കേ അമ്മയോടുരിയാടൂ
വിശക്കുന്നമ്മേ...യെന്ന പല്ലവികേട്ടാലമ്മ
കടുപ്പിച്ചൊന്നു നോക്കും,ചിലപ്പോൾ തല്ലും കിട്ടും


കഞ്ഞിവേകും വരെ കളിക്കാനമ്മചൊന്നാൽ
കണ്ണൻ ചിരട്ടയിൽ മണ്ണപ്പം ചുടാനോടും
കണ്ണിമാങ്ങാ തേടും, ഉറുമ്പിൻ ജാഥ കാണും
കണ്ടോന്റെ പറമ്പിലെ അണ്ടിമോട്ടിക്കാൻ പോകും


കാളിയൻ വിശപ്പിനേ 'കളി'ക്കൂടയിൽ മൂടി
ഏകാന്ത ബാല്യമേതോ കിളിക്കൂടന്വേഷിക്കും
എങ്കിലും വൃകോദരം എന്തിനോ കാതോർക്കുന്നു
അമ്മയെങ്ങാനും ''മോനേ''എന്നിനി വിളിച്ചാലോ...?

അണ്ണനു തലമുറി ,എനിക്കെന്നും വാലെന്നമ്മ-
യോടെന്നും എച്ചിക്കണക്കു പറയുന്നോൻ
അമ്മയുണ്ടില്ലേലെന്തുറക്കം വരില്ലേന്ന്
അഞ്ചുവിരലും നക്കി ഉറിയിൽ കണ്ണേറ്റുന്നു

അടുപ്പിന്നോടമ്മ പായാരം പറയുമ്പോൾ
കുരയ്ക്കുന്നു ശ്വാനൻ,തുടൽ തുരുമ്പും ചിലയ്ക്കുന്നു
എരുത്തിൽ കോണിൽ ധ്യാനനിമഗ്നം അയവെട്ടും
ഋഷഭ ദ്വയങ്ങളോ എന്തിനോ കണ്ണോർക്കുന്നു.


വളർത്തുകോഴി കണ്ണിൽ വിശപ്പും പേറി
വാഴത്തടത്തിലെന്തോ ചിക്കിചികഞ്ഞു നടക്കുന്നു.
തടംവിണ്ടൊരുതെങ്ങ് തളർന്നൊരോലക്കയ്യാൽ
മഴമേഘ്ത്തേ മാടിവിളിച്ചു നീർ കേൾക്കുന്നു


കടയ്ക്കൽ കായ്ക്കും പ്ലാവും,ആറുമാസക്കമ്പും
മുറയ്ക്കാ കുടുമ്പത്തിൻ പട്ടിണി കെടുത്തുന്നു
ആറേഴു വയറുണ്ണാൻ പ്രദോഷം നോറ്റോൾക്കന്ന്
വിശപ്പെന്നാലോ പെറ്റ മക്കളിൻ ചിരിയത്രേ..!!!!!

അചുംബിത

അമ്മയുടെ ഒക്കത്തിരുന്ന് ആദ്യമായ് കാണുമ്പോൾ
എനിക്ക് നീ കടലായിരുന്നിരിക്കണം!!!!!!!!!!
കുളിപ്പിക്കാൻ അമ്മ കോരിവച്ച
ചരുവത്തിലെ ജലത്തിൽ കിണറു കണ്ടവന്‌
കടലുതന്നെയായിരുന്നിരിക്കണം നീ

പിന്നെയറിഞ്ഞു നീ കോട്ടേകായൽ...
കല്ലടയാറിന്റെ കാമബാണത്തിനെ
ബണ്ടിനാൽ തടുത്ത് കുലമഹിമ കാത്തവൾ.
ഒരു ജില്ലമുഴുവൻ കുടിച്ചുപെടുക്കുന്നവൾ..
കടലോ,പുഴയോ കന്യകാത്തം കവരാത്തവൾ
എണ്ണപ്പെട്ടവൾ,ഏഴുകടലിനുമപ്പുറം ഖ്യാതിയുള്ളവൾ.

മുങ്ങിചത്തവരുടെ കഥകൾ പറഞ്ഞ്
അമ്മ നിന്നെ രാക്ഷസിയാക്കിയെങ്കിലും
പള്ളിക്കൂടത്തിൽ കളിക്കാൻ വിടുമ്പോഴൊക്കെ
ഒളിച്ചോടിവന്ന് നിന്നെ നോക്കിനിൽക്കുമായിരുന്നു.
ഉണർന്നു ചിണുങ്ങുന്ന കുഞ്ഞിനെ താരാട്ടും പോലെ
ഓളക്കൈകളിൽ കടത്തുതോണികളെ നീ തൊട്ടിലാട്ടുന്നത്
കണ്ട് കൊതിച്ചിട്ടുണ്ടെന്റെ ബാല്യം.

കടവത്തെ പറങ്കിമാവിന്റെ ഇലപ്പടർപ്പുകൾക്കിടയിലൂടെയാണ്‌
സിനിമയിലല്ലാതെ ഞാൻ കുളിസീൻ കണ്ടത്..
കള്ളനായ് നിന്റെ കരയിലെ അക്ക്വേഷ്യകാടിനുള്ളിൽ
പതുങ്ങുമ്പോളാണ്‌ ആദ്യപാപം നേർക്കാഴ്ചയായത്.
ഓളംകലക്കിയ ഓരുവെള്ളത്തോടൊപ്പമാണ്‌
അരാജകത്വത്തിന്റെ തീർത്ഥജലം എന്നിലേക്ക് പകർന്നത്.

മണ്ണിടിച്ചും,മലീമസമാക്കിയും നിനക്ക്
കൊലച്ചോറുരുട്ടുന്നവർക്കൊപ്പം ഞാനുമുണ്ട്
വെളിക്കിരുന്നിട്ട് കടവിറങ്ങിയത്
വെളിപ്പെടുത്താതെയല്ല ഈ മുതലക്കണ്ണീർ.എന്റെ പ്രിയതടാകം കേരളത്തിലെ ഏക ശുദ്ധജലതടാകം
ശാസ്താം കോട്ട കായലിനെകുറിച്ച് ഒരോർമ്മക്കുറി

നാകം

പെണ്ണേ...
നിന്റെ പ്രാർത്ഥന വിഫലം
സ്വർഗ്ഗരാജ്യം മണ്ണിൽ തന്നെ
പക്ഷെ നമുക്കിനി പ്രവേശനമില്ല..
ഒന്നുചെയ്യാം,നമ്മുടെ മകന്‌
ആ ഭാഗ്യം പകുത്ത് നൽകാം
കിടക്കവിരിക്കുക,
ഈ ആലിലവയറിൽ
അവനും പത്തുമാസം
സ്വർഗ്ഗസ്ത്ഥനാവട്ടെ..

വ്രണിതം

നിന്റെ മിഴികളിൽ, മരണവീട്ടിലെ നിശബ്ദത
ഇമയനക്കങ്ങളിൽ,ചിതയിലെ ആളൽ..
പുരികങ്ങൾ,മരണമറിഞ്ഞെത്തിയവരെപ്പോലെ
നിശബ്ദമിരിക്കുന്നു...

നിന്റെ പുഞ്ചിരി,എനിക്കുള്ള സഞ്ചയനക്കാർഡ്
വ്യസനസമേതം, എന്റെ വിശപ്പുതീർക്കാൻ
മരിച്ചവളുടെ കുറിമാനം..

നിന്റെ രഹസ്ത്ഥലികൾ,എനിക്ക് പഷ്ണിക്കഞ്ഞി
ഉടലുറവിന്റെ കടുന്തുടി,യമകിങ്കരന്റെ മഹിഷസഞ്ചാരം..

പ്രണയം നിരസിച്ചവളേ പകയോടെ ഭോഗിക്കാൻ
ഉടല്‌ കടം തന്നതിന്‌ നിനക്ക് നന്ദി..

അളമുട്ടിയവളുടെ അനുഭവ കഥനം കൊണ്ട്
നഷ്ടബോധത്തിന്റെ തീ കെടുത്തിയവൾക്കായി
ഈ സ്ഖലിതം..

കമ്മട്ടങ്ങൾ പ്രസവിച്ച കടലാസു ദൈവം
നിന്റെ നിമിഷങ്ങൾക്ക് വിലപേശുന്നു..

ഒരു മഗ്ഗ് വെള്ളത്തിന്റെ വിലയിട്ട്
എന്നെയും നീ അഴുക്കുചാലിലേക്കൊഴുക്കുക...

വിയർപ്പുമണക്കുന്ന ഈ ഓർമ്മകൾ കൊണ്ട്
വ്യഭിചാരത്തിന്റെ വിശുദ്ധകാവ്യം രചിക്കട്ടെ ഞാൻ..