2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

...അച്ഛൻ....



ഉറക്കെ വിശന്നപ്പോൽ
മുറുക്കാൻ ചവച്ചും..
ഉടുമുണ്ടഴിച്ച്
ഉലച്ചൊന്നുടുത്തും..
ഉടൽച്ചൂടുയിർപ്പിച്ച
വിയർപ്പെ തുടച്ചും..
വെയിൽപ്പുറ്റ് പൊട്ടിച്ച്
വഴിത്താര താണ്ടി..
വെറുംകാലുമായി
വരുന്നുണ്ട്,അച്ഛൻ....

....ഉമ്മറം....




സന്ധ്യയ്ക്ക്,
തെക്കേ മൂലയ്ക്ക് കിഴക്ക് നോക്കിയെരിയുന്ന
നിലവിളക്കിനരികിൽ
പല്ലികൾ പ്രാർത്ഥനാപൂർവ്വം
വന്നിരിയ്ക്കും..

അന്നത്തെ രാത്രിയെങ്കിലും
കല്ലുകടിക്കാതിരിയ്ക്കാൻ
അമ്മ മുറവുമായി ഉമ്മറത്തുണ്ടാവും....

അന്നു പഠിച്ചതൊക്കെ ഉറക്കെ വായിച്ച് ഞാൻ
നന്നായി പഠിക്കുന്നുണ്ടെന്ന്
നാട്ടാരേ അറിയിക്കും...

ചേച്ചിമാർ തമ്മിൽ തെറ്റി രണ്ട് ധ്രുവങ്ങളായി
അന്യോന്യം കുറ്റം പറഞ്ഞ്
അവിടെയുണ്ടാവും...
അച്ഛന്റെ ഒച്ച ദൂരെയെങ്ങാനും കേട്ടാൽ
മുറ്റത്ത് മയങ്ങുന്ന ചെമ്പൻ പട്ടി
വാലാട്ടി ഓടിച്ചെല്ലും....

അമ്പിളിക്കലനോക്കി ആരെയോ സ്വപ്നംകാണുന്ന
വല്ല്യേച്ചിയെ അമ്മ ശാസിക്കുമ്പോൾ
കൊച്ചേച്ചി ചിരിച്ചോടും...

ഞങ്ങളെല്ലാം ഉണ്ട്, ഉറങ്ങാൻ കിടന്നാലും
അമ്മമാത്രം ഉമ്മറത്ത് ചൂലിന്
ഈർക്കിൽ ചീകും..

അന്നേരം,
അമ്മയ്ക്ക് കൂട്ടായി നിലാവ് മാത്രം
ഉമ്മറത്തുണ്ടാവും.....

..പാറ..




അകത്ത്
ശാന്തി
പൂവെറിഞ്ഞ്
പൂജിക്കുന്നു..

പുറത്ത്
ഭക്തര്
തേങ്ങയെറിഞ്ഞു
ദ്രോഹിക്കുന്നു.

...ആത്മഹത്യ ചെയ്തവനോട്...



കൂട്ടുകാരാ..

മരിയ്ക്കാനൊരുങ്ങും മുൻപ്
നിനക്കൊന്നു കണ്ണാടി
നോക്കിക്കൂടായിരുന്നോ..?

വടിച്ചൊടുക്കിയിട്ടും
വളർന്നു പൊന്തുന്ന
മൈരു ജീവിതം കണ്ട്
സ്വയം ബലപ്പെട്ടൂകൂടായിരുന്നോ..?

..അമ്മേടെ തല...



ഒരു ദിവസം ഉച്ചയ്ക്ക്,
പാലുത്തേക്കിൽ
ഉപ്പ് കരച്ചപ്പോൾ
അച്ഛനമ്മയോടൊരു-
കഥ പറഞ്ഞു...

വടക്കെങ്ങാണ്ട് ഒരുത്തൻ
പെണ്ണുമ്പിള്ളയുടെ
തലവെട്ടിയെടുത്ത്
മുടിയിൽ തൂക്കിപ്പിടിച്ച്
സ്റ്റേഷനിൽ ചെന്ന് കീഴടങ്ങിയെന്ന്
മുക്കിലാരാണ്ട് പറഞ്ഞെന്ന്..

നിന്നെയൊക്കെ അങ്ങനെ ചെയ്യണം
എന്ന് അടിവരയിട്ടപ്പോ
അമ്മയൊരുകൂട്ടം ഭാഷ പറഞ്ഞിട്ട്
അകത്തേക്ക് പോയി...

അച്ഛനുരുട്ടിത്തന്ന
ഉരുളയിറങ്ങാതെ
ഉമിനീരു വിക്കി ഞാൻ
ചോറു തുപ്പി..

അന്നുറങ്ങാൻ
കണ്ണടയ്ക്കുമ്പോളൊക്കെ
അമ്മയുടെ തലയും തൂക്കി
അച്ഛനെങ്ങോട്ടോ
നടന്നു പോകുന്നു...

അതിൽ പിന്നെ ഞാൻ
എന്റെ മുയൽക്കുഞ്ഞിനേ
ചെവിയിൽ തൂക്കിയെടുത്തിട്ടില്ല

മുട്ടമുടങ്ങിയ
എന്റെ ചാരത്താറാവിനെ
കഴുത്തിൽ തൂക്കിയെടുത്തിട്ടില്ല

അയലത്തെ
പൂച്ചക്കുഞ്ഞിനേ
പൂഞ്ഞിയിൽ തൂക്കി
കളിപ്പിച്ചിട്ടില്ല..

അമ്പലത്തിൽ
പായസത്തിന്
കാതുള്ള പാത്രം
കൊണ്ടുപോയിട്ടില്ല..

റേഷൻ കടയിൽ നിന്നും
അരിവാങ്ങി
തലയിൽ വച്ചേ
കൊണ്ടുപോയിട്ടുള്ളൂ...

എന്തോ പറഞ്ഞു തെറ്റിയപ്പോൾ
നിന്റെ അമ്മേടെ തല എന്നു പറഞ്ഞ
വല്ല്യച്ഛന്റെ മോനെ
കല്ലുകിട്ടാഞ്ഞ കലിപ്പിൽ
ചാണകം വാരി എറിഞ്ഞിട്ടുണ്ട്...

പിന്നീട്
അച്ഛനന്നു പറഞ്ഞത്
എങ്ങാണ്ട് നടന്നതല്ലേ
എന്റെ അമ്മയേ
അച്ഛനങ്ങനെയൊന്നും ചെയ്യില്ലെന്ന്
സമാധാനിച്ചെങ്കിലും

അമ്മയില്ലാതായ
ആ മോൻ
ഞാനായിരുന്നെങ്കിലോ
എന്നോർത്ത്
ചുമ്മാതെ
കരഞ്ഞിട്ടുണ്ട്....

...മരുന്ന്...



ഒരിയ്ക്കൽ ശ്രമിച്ചു
പരാജയപ്പെട്ടവനെ
ജയിച്ചവനു കാവൽ
നിർത്തണം...

കയർ അറുത്തുമാറ്റാതെ
അവനേക്കൊണ്ട്
അഴിച്ചിറക്കിക്കണം...

മിഴിച്ച കണ്ണുകൾ
അവൻ
തിരുമ്മിയടയ്ക്കണം..

മഹസ്സറെടുക്കാൻ
അവനേക്കൊണ്ട്
മറിച്ചു കിടത്തണം...

തഴപ്പായയിൽ
പൊതിഞ്ഞു കെട്ടുമ്പോൾ
അവനറിയാതെ കൈ വിറയ്ക്കണം..

പോസ്റ്റുമോർട്ടം റ്റേബിളിൽ
പഞ്ഞിയും കത്രികയുമായി
കയ്യാളായി
അവനുമുണ്ടാവണം..

അറുത്തുമുറിച്ചത്
അവനാവണം തയ്ക്കേണ്ടത്..

അവസാനത്തെ ഒരുക്കത്തിനു
അവൻ പൗഡർ കുടയണം..

ആംബുലൻസിൽ നിന്നുമിറക്കു-
മ്പോൾ നിലവിളികൾ
കാതുപൊത്തണം..

ഉടപ്പിറന്നവരുടെ
കരച്ചിൽ കണ്ട്
അടക്കിവച്ച ഒരു നിലവിളി
കുരനാവിൽ മുറുകിപ്പിടയുന്നത്
കണ്ണറിയണം..

അടക്കം കഴിഞ്ഞ്
ഒടുക്കം പോകുന്നവൻ
തിരിച്ചറിവിന്റെ
തീ കൊണ്ട് ഞെട്ടണം...
47163Like · · Promote · Share

...അന്നൊക്കെ....



അന്നൊക്കെ
ഒരു കോടിത്തുണി കിട്ടിയാൽ,
കുടുംബത്തിലൊരു കുഞ്ഞാവ
ഉണ്ടായ പോലത്തെ
സന്തോഷമായിരുന്നു...

അന്നൊക്കെ
ചെരുപ്പിന്റെ
വാറുപൊട്ടിയാൽ,
കുടുംബത്തിലാരോ
മരിച്ചപോലത്തെ
സങ്കടമായിരുന്നു...

...ആപ്പീസുപെണ്ണുങ്ങൾ...



കള്ളിറങ്ങുമ്പോൾ,
തപ്പിത്തടവി
തടുത്തുകൂട്ടാനൊരുങ്ങുന്ന
കെട്ടിയവനോട്,

"ആക്കുന്നേൽ ആക്ക്
ആപ്പീസിൽ പോണം.."

കരച്ചിൽ കേട്ടാണ്
ഒരോ ദിനവും

വെളുപ്പിന്,
ആപ്പിളകിയ
കട്ടിലിന്റേത്...

കാര്യം കഴിഞ്ഞ്
കള്ളൻ നീക്കുമ്പോൾ
കതകിന്റേത്..

പല്ലിലുരഞ്ഞമരുന്ന
ഉമിക്കരിയുടേത്...

കിണറ്റുകരയിൽ
കപ്പിയുടെ പാഴാങ്കം...

അണ്ടിക്കറപുരണ്ട
കൈവിരലുകളുരുട്ടിയ-
തുണ്ണാൻ മടിച്ച്
ഓക്കാനിക്കുന്ന
കുഞ്ഞിനേ നോക്കി

തലയിൽ തല്ലി
തന്നത്താൻ പ്രാകി
ആപ്പീസുപെണ്ണുങ്ങളുടെ
ജീവിതം...

ഏഴേമുക്കാലിനിറങ്ങിയോടി
കണിശക്കാരൻ
വാച്ചറുകൊച്ചാട്ടനോട്
വഴുവഴുക്കൻ ചിരിചിരിച്ച്
അടുത്തിരിയ്ക്കുന്നവളോട്
കുശലം പറയുന്ന
തല്ലും,പാസും, പീലിങ്ങും...

ശനിയാഴ്ച പിരിയുമ്പോഴേ
ചിരിവിരിയാറുള്ളൂ..

കിട്ടിയതിൽ പങ്ക്
ചിട്ടിക്ക് കൊടുത്ത്
കൊച്ചുങ്ങൾക്ക്
പലഹാരം വാങ്ങി
പത്തുരൂപയ്ക്ക് മത്തിവാങ്ങി

പറ്റമ്പറ്റമായി
നീങ്ങുന്ന
പെണ്ണാപ്പീസറമ്മാർ...!!!!!

....ചൂണ്ട...




നട്ടെല്ലുള്ള മണ്ണിര
എന്നാണ് വിഴുങ്ങുമ്പോൾ
വിചാരിച്ചത്...

ചെകിളപ്പൂവിൽ
കൊരുത്തപ്പോഴാണ്
ചതി തിരിച്ചറിഞ്ഞത്...

...പക്ഷം...



എന്റെ ചിറക്
മതിയാകാതെ വന്നത്
നീ
പറക്കമുറ്റിയതു-
കൊണ്ടാണ്...

ഇനിയീകൂട്ടിൽ
എന്റെ നെടുവീർപ്പുകൾക്ക്
അടയിരിക്കണം...

പൊരുന്നച്ചൂടിൽ
ഓർമ്മകൾ
കൊത്തിവിരിയിക്കണം

നിനക്കീ ആകാശം
പതിച്ചു തന്നതാരാണ്...?

....ഒറ്റ....



ദുഖം മുഖത്ത്
കൂടുകൂട്ടുമ്പോൾ
പുഞ്ചിരി
വിശന്ന കിളിക്കുഞ്ഞിന്റെ
കരച്ചിലാകുന്നു....

പറഞ്ഞുപോകുന്നത്
പറന്നുപൊങ്ങാൻ
കൊതിയ്ക്കുന്ന
പിടച്ചിലാകുന്നു...

പരിഹാസമെന്ന
പരുന്തിൻ കരച്ചിൽ കേട്ട്
പതുങ്ങിയൊട്ടുന്നൊരു
മനസ്സുണ്ടാകുന്നു...

ഞാനൊന്നുമല്ല
എന്നല്ല
എനിയ്ക്കൊന്നുമില്ലെ-
ന്നുള്ള ബോധ്യം

അമ്മക്കിളി
കൊത്തിപ്പിരിച്ച
ഒറ്റക്കിളിക്കുഞ്ഞിന്റെ

വിശപ്പുമറന്നുള്ള
കൂട്ടുതേടലാകുന്നു...

...മോലാളി.....



രണ്ട് റക്കായത്ത്
ഉറങ്ങിയെണീറ്റ്
സുബഹി നിസ്കരിച്ച്
അവ്വക്കറ് മീനുംകൊണ്ടിറങ്ങും

ചുവന്ന തോർത്തൊരെണ്ണം
തലയിൽ വട്ടം കെട്ടി
ഫോറിൻ ലുങ്കിയ്ക്ക് മുകളിൽ
കറുത്തവാറുള്ള
ബെൽറ്റും കെട്ടിയാല്പിന്നെ
അവ്വക്കറ് സുൽത്താനാകും

അന്നേരം,
ഐസു വെള്ളം വീണ്
തുരുമ്പിച്ച സൈക്കിൾ
രാജരഥമാകും...

ഓാഓയ്യ്യ്യ്.... മീനോയ്യ്യ്യ്...
വിളികേട്ട്
അടുക്കളക്കതകുകൾ
മലർക്കെ തുറക്കും...

വഴിയരികിൽ
താലവുമേന്തി
തരുണികൾ
കാത്തുനിൽക്കും...

ഇരുന്നുണ്ണാൺ
പാങ്ങുള്ളവളും
പത്തുപഞ്ചാരപറഞ്ഞ്
രണ്ടെണ്ണം കൂടി
ഇങ്ങോട്ടിടെന്റെ
മോലാളീ എന്ന്
ചിറി നനയ്ക്കുന്ന
പൂച്ചയാകും...

ചെതുമ്പലൊട്ടിയ
നനഞ്ഞ നോട്ടുകൾ
ബാക്കി നൽകുമ്പോൾ
ചിരിച്ച മുഖങ്ങളിൽ
അവജ്ഞ നിറയും....

ഐസുപെട്ടിയിൽ നിന്നും
മുഴുത്ത മീനുകൾ
കറിച്ചട്ടിയിലായാൽ

മോലാളി വെറും
മീങ്കാരൻ അവ്വക്കറാവും....

...ആ ചേച്ചി...



ആ ചേച്ചിയൊരു
പാവമായിരുന്നു...

കൊച്ചുന്നാളിൽ
പാലുംകൊണ്ട്
സൊസൈറ്റിയിൽ
പോവുമ്പോ
സില്പറൂരി
എനിക്ക് തരുമായിരുന്നു..

മോനെടുത്തോന്നും
പറഞ്ഞ്
കിട്ടുന്നതൊക്കെ
എനിയ്ക്ക് തരുമായിരുന്നു...

ഇച്ചിരൂടെ വളന്നപ്പോ
പശൂനു പോച്ച പറിയ്ക്കുമ്പോ
കിളിച്ചിലിൽ
നോക്കി നിയ്ക്കുന്ന
കണ്ടിട്ടും
കുറ്റമൊന്നും പറഞ്ഞില്ല...

കൊച്ചൂട്ടിലെ
കല്യാണത്തിന്
സദ്യാലയത്തിനു മുമ്പി
തള്ളുമ്പോ
തൊട്ടു പിറകിൽ
ചേർന്നു നിന്നിട്ടും
നൂഴ്ന്നു മാറിയതല്ലാതെ
ഈ ചെറുക്കൻ
വഷളാന്നു പറഞ്ഞില്ല...

ആ ചേച്ചിയൊരു
പാവമായിരുന്നു...

ഒറ്റയ്ക്കിരുന്നോർത്ത്
കുരുത്തക്കേട് കാട്ടിയിട്ട്
പിറ്റേന്ന് കണ്ടപ്പൊ

കുറ്റബോധം കൊണ്ട്
മുഖം കുനിഞ്ഞയെന്റെ
നെറ്റിയിൽ തൊട്ട്
പനിയാന്നോന്നു ചോദിച്ചു...

ആ ചേച്ചിയിപ്പഴും
അങ്ങനെ തന്നെ

വഴീക്കാണുമ്പോ
വല്യ ജീവനാ...

..വടുക്കൾ...



ആ വളവിലെ
ടയരുരഞ്ഞ പാടിൽ
നടന്നതോ
നടക്കാതെപോയതോ
ആയ ഒരപകടം
കരിഞ്ഞു മണക്കുന്നുണ്ട്...

അശ്രദ്ധകൊണ്ട്
അവിടം അടയാളപ്പെട്ടടതാകാം

തിടുക്കം
നടുക്കത്തിനു വഴിമാറിയതാകാം

മനുഷ്യനോ
മൃഗമോ ആകട്ടെ,
കുറുക്കുചാടിയ കാരണമാകാം...

മരണമോ മരണാസന്നതയോ
എന്ന ജിജ്ഞാസയ്ക്ക്
മറുപടിയുണ്ടാവണമെന്നില്ല....

ആ വളവിലെ
ടയറുരഞ്ഞ പാടിൽ

ഒരു നിലവിളി
തളം കെട്ടിക്കിടപ്പുണ്ട്...

ആ വളവിലെ
ടയറുരഞ്ഞ പാട്
ചില മനസ്സുകളിലെ
വടുക്കൾ
പറഞ്ഞുവയ്ക്കുന്നുണ്ട്...

-ഉപമ-



കഴുത്തിൽ
തുടൽ മുറുകിയ
നായയുടെ
വ്രണത്തിൽ
ഈച്ചകൾ
പൊതിയുമ്പോൾ.

ഉടൽ കുടഞ്ഞ് അവ
ഒരു നിമിഷാർദ്ധം
നോവു നീക്കുന്ന
സുഖമുണ്ടല്ലോ..

അതിനെ,

എന്റെ
കവിതയെന്ന്
കരുതുക....

....ഒടുക്കം...



എന്റെ ദാഹം തീർക്കാൻ
നാവിലിറ്റിച്ച
ജലത്തിനാലാവില്ല...

കഴിയുമെങ്കിൽ
വിഷാദ ഭരിതമായ
ഒരു കവിത ചൊല്ലുക

ചുണ്ടിലൊരു പൂവ് നട്ട്
പിരിഞ്ഞു പോവണമെനിയ്ക്ക്....

ഓർമ്മ നാളിൽ
തെരുവിൽ തണലുപാകിയ
മരത്തിന് എന്റെ പേരു ചൊല്ലി
വിളിയ്ക്കണം....

സ്മൃതികുടീരങ്ങളിൽ
അടയിരിയ്ക്കാതെ
നൊമ്പരങ്ങളുടെ
തമ്പുരാനാവണം.....

...വാരികയ്ക്ക് ഒരു കവിത...



പ്രീയപ്പെട്ട എഡിറ്റർ,

താങ്കളുടെ വാരികയിൽ
എന്റെ ഈ കവിത
അച്ചടിച്ചു കാണണമെന്ന്
ആഗ്രഹിക്കുന്നു...

താടിയും തോൾസഞ്ചിയുമില്ലാത്ത
കൂലിപ്പണിക്കാരനായ എന്നെ
ബോധിക്കുവാനല്പം
ബുദ്ധിമുട്ടായിരിക്കുമെന്നറിയാം...

എൻ ജി ഒ കവികളാരും
ശുപാർശ്ശക്കത്ത് തരാത്തതുകൊണ്ടാണ്

അല്ലെങ്കിൽ
ജീവിതാഭിലാഷം സാധിയ്ക്കാൻ
ഏതറ്റം വരെ വേണമെങ്ക്ലും പോയേനെ....

ഒരുപാടൊന്നുമില്ല
ഒരു തീപ്പെട്ടി കോളം
തന്ന് സഹായിക്കണം

ചേതമില്ലാത്ത ഉപകാരമല്ലേ സാർ
ആവില്ലെന്നു പറയരുത്
സഹായിക്കണം

കവിത

"പ്രതികരണം"
....ഫാ....

സമൂഹത്തിലെ മൂല്യ ച്യുതിക്കെതിരേ...
കൊള്ളരുതായ്മയ്ക്കെതിരേ...

കൊള്ളയ്ക്കും കരിഞ്ചന്തയ്ക്കും
കൊള്ളിവെപ്പിനുമെതിരേ...

ബാലവേലയ്ക്കും ബലാൽസംഗങ്ങൾക്കുമെതിരേ...

സഭ്യേതരവും മനുഷ്യത്ത രഹിതവുമായ
സകല പ്രതിലോമകതകൾക്കുമെതിരേയുള്ള
ഞാനെന്ന കവിയുടെ
പ്രതികരണമാണ്
"ഫാ"
എന്ന ഒറ്റയക്ഷരക്കവിത

പ്രസിദ്ധീകരിയ്ക്കുമെന്ന
വിശ്വാസത്തോടെ
ഒപ്പ്...

(അഥവാ പ്രസിദ്ധീകരിയ്ക്കുവാൻ കഴിയില്ലെങ്കിൽ പ്രസിദ്ധരുടെ മാത്രം പൃഷ്ഠം താങ്ങുന്ന താങ്കൾക്കും ഈ കവിത ബാധകമെന്ന് വിനയപുരസ്സരം അറിയിക്കുന്നു..)

...സങ്കേതം...




കച്ചിയും കുന്താലിയും
കാച്ചിലും ചേനയും
നിറച്ച കളീലിൽ
കഷ്ടകാലത്തിന്
ഒരു ചേര കേറി

അച്ഛനതിനെ തുരത്താൻ
കച്ചിത്തിരി പെറുക്കി
കാളത്തിണ്ണയ്ക്കടുക്കി

മൊട്ട ബാബുവണ്ണൻ തന്ന
കുത്തുപുസ്തകം
കച്ചീടെടേടല് കണ്ടപ്പോ
അച്ഛന്റെ മുന്നിൽ ഞാൻ
അബദ്ധക്കാരനായി...

ചേരയിഴഞ്ഞു കയറിയത്
കളീലിലല്ലെന്നും പറഞ്ഞ്
ബീഡിയും കത്തിച്ച്
അച്ഛനിറങ്ങി
മുക്കിലോട്ട് പോയി....

..അതിലേ പോവുമ്പോ..



അതിലേ
പോവുമ്പോ
അവന്റെ കാര്യമോർക്കും.
അവിടിപ്പം ആരുമില്ലാതെ
കാടുകേറിക്കിടക്കുന്നു..

അവനിപ്പം എവിടാരിയ്ക്കും...?
ബോംബേലെങ്ങാണ്ടൊണ്ടെന്ന്
ആരാണ്ട് പറയുന്ന കേട്ടു...

ഒള്ളതാരിയ്ക്കും...

ഏതെങ്കിലും ഹിന്ദിക്കാരിയേം കെട്ടി
വല്ല ടയറുകടയും നടത്തുവാരിയ്ക്കും...

ചെലപ്പോ,

നിവർത്തികേടുകൊണ്ട് മോട്ടിച്ചേന്
ജയിലിലായിരിയ്ക്കും....

അല്ലേല്,

തലയ്ക്ക് പ്രാന്തുകേറി
നീളെ നടക്കുവാരിയ്ക്കും...

അതുമല്ലേൽ,

അവൻ ചത്തുകാണും...

എന്നാലും
അതിലേ
പോവുമ്പോ
അവന്റെ കാര്യമോർക്കും...

അന്നവന്റെ അമ്മയോട്
ചോദിച്ചപ്പോ
അവരൊരുമാതിരി
ഒക്കാത്ത മറുപടി പറഞ്ഞു.
അതെനിയ്ക്കങ്ങോട്ട്
പിടിത്തം കിട്ടിയില്ല...

എന്നാലും,
അതിലേ
പോവുമ്പം
അവന്റെ കാര്യമോർക്കും...