2011, ജൂലൈ 14, വ്യാഴാഴ്‌ച

അമൃതം

ഇടവമുകിലിന്റെ ഈറൻ ചുവയ്ക്ക് നിൻ
അമൃത കുംഭം ചുരത്തുന്നമധുരമാണ-
തിലൊരിറ്റു കണ്ണുനീരുപ്പുചേർത്ത്
ഇവിടെ അമ്മയേ വാക്കാൽ വരയ്ക്കട്ടെ.

ഇനിയുമെണ്ണിക്കണക്കെടുക്കാത്തൊരീ
മണലുപോലെയാണാപ്തവാൽസല്യവും
ചിതലരിച്ചൊരെൻ ചിന്തയിൽ തീക്കനൽ
പുക മറയ്ക്കുന്നു സ്നേഹാക്ഷരങ്ങളേ.

പലരുമമ്മയേപ്പറ്റി പറഞ്ഞപോൽ
സുഖദമല്ലെന്റെ മാതൃസ്മരണകൾ
അനിലപർവ്വതം എരിയുന്ന വയറിലെ
തപമണയ്ക്കുവാനാകുമോ പ്രാർത്ഥനേ..?

പതിതനെന്നേ ചുമന്ന ഗർഭപാത്രത്തിൽ നിന്നും
കുടലിലേക്ക് മൂളിപ്പറന്നൊരു
മരണമക്ഷികക്കുണ്ട് പേർ,അർബ്ബുദ-
ക്കൊടിയവേദനയ്ക്കെന്തുണ്ടൊരൗഷധം...?

പറയുവാനുണ്ടെനിക്കുമൊരായിരം
കഥകൾ അമ്മയേപ്പറ്റിപ്പറയുവാൻ
ശയനമുറിയിലെ പങ്കപോൽ മാനസം
ചകിതമെന്തിനോ ചുറ്റിത്തിരിയുന്നു.


ഇനിയുമെത്രയോ സ്വപ്നനങ്ങളുണ്ടെന്റെ
വഴിയിലൊക്കെ തണലായി വേണമീ-
വെയിലിൽ മഴയിൽ ഇടിമുഴക്കങ്ങളിൽ
ഭയമൊഴിക്കുന്ന ശക്തിയാണെന്നമ്മ.

ഇവിടെ എന്റെയീ തൂലികത്തുമ്പിലെ
മഷിയിലമ്മതൻ കാർമുടി പാറുന്നു
കറപുരളാത്ത കടലാസുതുണ്ടിലാ
മനസ്സുകണ്ട് ഞാൻ നിശ്ചേഷ്ടനാകുന്നു.


ഇടയിലെന്റെയീ കൈഫോൺ ചിലയ്ക്കുമ്പോൾ
പിടയുമെന്മനം അർത്ഥിപ്പു നിന്നോട്
പിരിയരുതെന്നേ പുണരാൻ കരങ്ങളേ
കരുതി വയ്ക്കുക എന്നേ തഴുകുക.

2011, ജൂലൈ 12, ചൊവ്വാഴ്ച

പെയ്ത്ത്

എന്തായിരുന്നു തകർപ്പും തിമിർപ്പും
വഴികാണിക്കാൻ ചൂട്ടുവെളിച്ചം
വരവറിയിക്കാൻ പെരുമ്പറ മുഴക്കം
ഏഴു നിറത്തിൽ പരവതാനി
കാറ്റിന്റെ പാട്ട്, മരങ്ങളുടെ കൂത്ത്
എന്നിട്ടിപ്പോ മുറ്റത്ത് തളം കെട്ടി കിടക്കുന്നു
ത്ഫൂ....