2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

ജഡായു


ചെല്ലുകോമലേ മക്കൾവിശപ്പിനാൽ
തൊള്ളകീറിക്കരയുന്ന കേൾപ്പുഞാൻ
എന്തിനായ് എന്റെ ചുറ്റും പറന്നു നിൻ
ഉള്ളനേരം പൊലിപ്പൂ വൃഥാവിൽ നീ

എണ്ണയൊട്ടിപ്പിടിച്ച ചിറകൂകൾ
എന്നെ ബന്ധിച്ചതീക്കടൽത്തീരത്ത്
എന്നതൊന്നുമേ മക്കളോടോതേണ്ട
അമ്മയെത്തും ഉടനെന്നുരയ്ക്ക നീ

പൊന്നുപോലെനീ നോക്കണം മക്കളെ
കുഞ്ഞുമീനുകൾ ഭോജ്യമായ് നൽകണം
വെള്ളിമാനത്തു പാറും പരുന്തുകൾ-
ക്കന്നമാകാതെ കാക്കണം നിത്യവും

ഇന്നു ഞാനീ കടലു കണ്ടപ്പൊഴെൻ
ഉള്ളിലുണ്ടായ ആമോദമോമനേ...
ചൊല്ലുവാനില്ല വാക്കുകൾ അത്രമേൽ
ധന്യമായിരുന്നത്രമേൽ സുന്ദരം...

മാരിവില്ലുകൾ നൂറ്റുമെനഞ്ഞൊരു
ഏഴുവർണ്ണ പട്ടുനൂൽക്കമ്പളം
ആരുകൊണ്ട് വിരിച്ചതെന്നോർത്തുപോയ്
തീരെയില്ലായിരുന്നു തിരകളും

മെല്ലെയിന്നുപറന്നണഞ്ഞേനിവൾ
എണ്ണതീർത്ത പുതപ്പിലായ്,തൂവലോ
ഒന്നിനൊന്ന് പിരിയാ സഖാക്കളായ്
ഒന്നുചേർന്നെന്നെ ആമത്തിലാഴ്ത്തുന്നു

കണ്ട് ഞാനീ കടലിൻ നടുവിലായ്
കൊള്ളിയൂതിപ്പറത്തും പിശാചിനേ
ദുർമ്മണം പേറുമീ തിക്ത തൈലമാ
ദുർമ്മദത്തിൽ നിന്നുമുയിർത്തതോ...?

എന്റെ പക്ഷങ്ങൾ ഛേദിച്ച രാവണൻ
ഇന്നൊരൊറ്റ ശിരസ്സുമായ് മേവുന്നു
ഇന്നവൻ തീർത്ത യാന്ത്രിക കൈകളീ
മണ്ണിലാകാശ ഗോപുരം തീർക്കുന്നു

നാളെ സൂര്യൻ ഉദിച്ചുയരുമ്പൊഴെൻ
പ്രാണനറ്റ ഉടലുണ്ട് തീർക്കുവാൻ
ജീവകോശങ്ങളില്ലീ ജലധിയിൽ
പ്രേതമെത്രനാൾ നിന്നെക്കരയിക്കും

പോവുകെന്നെപ്പിരിഞ്ഞു നീ ദൂരെയാ
കൂടിനുള്ളിലെൻ പ്രാണൻപിടയുന്നു
ചെല്ലുകോമലേ മക്കൾ വിശപ്പിനാൽ
തൊള്ളകീറി കരയുന്ന കേൾപ്പു ഞാൻ

സുനിലൻ