2011, മാർച്ച് 31, വ്യാഴാഴ്‌ച

കൂട്ടുകാരൻ

പള്ളിക്കൂടം വിട്ടോടുമ്പോൾ

വഴുതിവീണ്‌ മുട്ടുപൊട്ടിയപ്പോൾ

കരയെണ്ടാടാ എന്നുപറഞ്ഞ്

മുറിവിലൂതിതന്നവൻ..പുസ്തകം കടം തന്നവൻ

ഉച്ചയ്ക്ക് പട്ടിണിക്ക് കൂട്ടീരുന്നവൻ.

അഞ്ചുപൈസയുടെ നാരങ്ങാമിഠായി

കടിച്ചുപകുത്ത് വലിയപങ്ക് എനിക്കുതന്നവൻ.സ്വപ്നങ്ങളിലെ രാജകുമാരിയോടുള്ള

ഇഷ്ടം അവളേ അറിയിക്കാൻ

പിറകെ നടന്ന് എന്റെ പേരുചൊല്ലി

ചൊടിപ്പിച്ചവൻ...മറ്റൊരുത്തനുമായുള്ള തല്ലിനിടയിൽ

പൊട്ടിവീണിട്ട്

തൊട്ടുപോകരുത് പന്നീ

എന്നവന്റെ കുത്തിനു പിടിച്ച് പറഞ്ഞവൻ.നല്ലതിനും കെട്ടതിനും കൂട്ട് നിന്നിട്ട്

എന്നും എന്റെ അമ്മയുടെ

വായീന്ന് ചീത്തകേട്ടിട്ട്

ഒന്നുമില്ലെടാ എന്ന്

കണ്ണടച്ച് ചിരിച്ചു നടന്നവൻ.വണ്ടികേറ്റാൻ വരുമ്പോ

ഇന്നെന്താ കണ്ണിനിത്ര നീറ്റലെന്ന്

സ്വഗതം പറഞ്ഞിട്ട്

,പുണരുമ്പോൾ പുറം നനച്ചവൻഉള്ളുപൊള്ളിയിരിക്കുമ്പോൾ വിളിച്ചിട്ട്

എന്തൊക്കെയുണ്ടളിയാ വിശേഷമെന്ന്

കോടമഞ്ഞായ് കുളിര്‌ പകർന്നവൻ.