2011, മാർച്ച് 31, വ്യാഴാഴ്‌ച

കെറുവ്

അങ്ങേ പോവരുത്....
അവരുമായിട്ട് നമ്മള്‌ വഴക്കാ...
എന്ന അമ്മമാരുടെ വിലക്കാണ്‌
രണ്ടുവീടുകളേയും തമ്മിൽ പിണക്കിയത്..

പെണ്ണുങ്ങൾ തമ്മിലെ മൂക്കിൽ കെറുവ്
ഒന്നും രണ്ടും പറഞ്ഞു തുടങ്ങി
അന്തിമയങ്ങിയപ്പോൾ
ഒന്നിനൊൻപതാക്കി
ആണുങ്ങളിൽ അങ്കക്കലി നിറച്ചു..


കണ്ണു കീറുംമുൻപ്
ഒറക്കപ്പായേന്നെഴുന്നേറ്റ്
മുറ്റത്ത് മൂത്രമൊഴിച്ചുകൊണ്ട് നിന്ന
നാലു കണ്ണുകൾ
തിക്കും പക്കും നോക്കി ചിരിച്ചു.

പിന്നെ ഒരുകെട്ട് തീപ്പെട്ടിപ്പടം
അയല്മുറ്റത്തേക്ക് പറന്നു
തിളക്കം മങ്ങാത്ത
ഒരു പുത്തൻ ഗോലി ഇങ്ങോട്ടേക്കൂം..

മുട്ടയിടാനിടം തേടി
കോഴി കൊക്കിനടക്കുന്നപോലെ
മുറ്റമടിക്കുമ്പോഴും പെണ്ണുങ്ങൾ
മറ്റവളുടെ കുറ്റം പറഞ്ഞ്
കാർക്കിച്ചു തുപ്പി..

ഉപ്പു കടം തന്നതും
ഉൽസവത്തിനുടുക്കാൻ
സാരികൊടുത്തതുമെല്ലാം
ഉച്ചഭാഷിണിയില്ലാതെ തന്നെ
നാട്ടാരറിഞ്ഞു...


നട്ടപ്പാതിരായ്ക്കുള്ള
അയലത്തെ കുഞ്ഞുവാവയുടെ
നിർത്താത്ത കരച്ചിൽ
പെറ്റെടുക്കാത്ത വയറ്റിലും
ആധിപെരുക്കി...

കുഞ്ഞിനെന്താന്നോ...? എന്ന്
കുണ്ഡിതപ്പെട്ടിട്ട്
മണ്ണെണ്ണ വിളക്കുമായി
ആശങ്ക അയല്മുറ്റത്തേക്ക്
നടന്നുചെന്നു...

പിറ്റേന്ന്...

ഡവറാ പാത്രത്തിൽ
പലഹാരവുമായി
അയൽ വീട് വിരുന്നു വന്നു.
ചത്താൽ തിരിഞ്ഞു നോക്കില്ലെന്ന്
പരദൈവങ്ങളേ പിടിച്ച് ആണയിട്ടവർ
തെക്കേത്ത്
മറ്റാരെയോ പറ്റി
കുശുമ്പുപറഞ്ഞു നിന്നു..