2011, മാർച്ച് 31, വ്യാഴാഴ്‌ച

കൊച്ചുകുറുപ്പ് സാർ

നീലം മുക്കിയ പോളീസ്റ്റർ മുണ്ടിന്റെ

സുതാര്യത കാട്ടിത്തന്ന

പാളക്കരയനെ പരിഹസിച്ചതിനാണ്‌

''എഴുന്നേറ്റ് നിൽക്കെടാ കാളേ'' എന്ന്

ഇടവപ്പാതി മഴപോലെ

ക്ലാസ് മുറിയിൽ ചിരിയുയർത്തിയത്.



പ്രതിഷേധ സൂചകമായി

നിന്റെ പ്രതിഭാഷ ഗൗനിക്കാതെ

പുറത്തേക്ക് നോക്കി നിന്നതിനാണ്‌

എന്നെ മഴയത്തിറക്കി വിട്ടത്.



പതിനാലിനുള്ളിൽ പഠിച്ച തെറിയൊക്കെ

പൂച്ചം പറഞ്ഞുകൊണ്ട്

പ്രതിഭാ ടെക്സ്റ്റൈൽസിന്റെ

പുസ്തക സഞ്ചിയുമായി

പടിയിറങ്ങുമ്പോൾ

പിറകിൽ നിന്നും വിളിച്ചു....



എവിടേലും പോയി ''തൊലഞ്ഞാൽ''

മറുപടി പറയേണ്ടത് ഞാനാ.. എന്ന്

അനുഭാവമല്ലെന്നറിയിച്ചിട്ട്

കയറിയിരിക്കാൻ പറഞ്ഞു.



പിറകിലെ ബെഞ്ചിലിരുന്ന്

കിരിയം കുത്തുമ്പോഴൊക്കെ

പഠിപ്പിച്ചതിൽ നിന്നും

പറഞ്ഞു ഫലിപ്പിക്കാനാവാത്ത

ഉത്തരമുള്ള ഒരു ചോദ്യം വലിച്ചെറിഞ്ഞ്

എന്നെ ഇളിഭ്യനാക്കി.



പഠിപ്പിൽ മുൻപന്മാരായ

മിടുക്കന്മാരൊക്കെ

തളപ്പില്ലാതെ കേറി

അർത്ഥ വ്യത്യാസവും

പര്യായപദവും, വിപരീതവും

വെട്ടി വീഴ്ത്തുമ്പോൾ.



അപകർഷത്തിന്റെ ചെല്ലികുത്തിയ

ഒന്നോ രണ്ടോ വഴിപാട് വാക്കുകൾ

എന്നിൽ നിന്നും ഉണങ്ങിക്കൊഴിഞ്ഞു.



ചതുർത്ഥി കാണുന്നതിനു തുല്യമായിരുന്നു

എനിക്ക് നിങ്ങൾ

പകർത്തിയെഴുതാതെ ചെന്നതിന്‌

പഠിപ്പു നിർത്തി ''ചാണകം വാരാൻ പോടാ''

എന്നു പറഞ്ഞതിന്റെ

ചൊരുക്കായിരുന്നു അത്...



ഒടുവിൽ പരീക്ഷപാസായ സന്തോഷത്തോടെ

''എസെൽസി ''ബുക്ക് വാങ്ങാൻ വരുമ്പോൾ

നോട്ടീസിൽ പടം വന്ന ഗമക്കാർക്കിടയിൽ

ഓഫീസ് മുറിയിൽ കുശല പ്രശ്നങ്ങൾ



''നെനക്കിവിടെന്താ കാര്യം....'' എന്ന

ചിരിക്കൊപ്പം കുഴച്ച ചോദ്യത്തിന്‌

''എസെൽസി ബുക്ക് വാങ്ങാനാ സാറേ..''

എന്നു മറുപടി പറഞ്ഞു.



ജെയിച്ചവരുടെ ബുക്കാ കൊടുക്കുന്നെ

നെനക്കൊള്ളത് എത്തിയില്ലെന്ന പരിഹാസം

ഗമക്കാരുടെ ചിരിക്കൊപ്പം

പാതാളക്കിണർ തോണ്ടി. ...



''ജെയിച്ചു ഞാനും സാറേ..''എന്ന

എന്റെ തലപ്പൊക്കത്തിനേ

''കോപ്പിയടിച്ചാവും'' എന്ന്

തോട്ടികൊരുത്ത് മെരുക്കി .



ഒടുവിൽ ബുക്ക് റിസീവ്ഡ് എന്ന്

എഴുതിയൊപ്പിടാൻ പറഞ്ഞപ്പോൾ

അവസരം കാത്തിരുന്ന മിധ്യാഭിമാനം

ഫണം വിടർത്തിയാടി.



ചടങ്ങു മതി സാറേ...

ആഡംബരം വേണ്ടാ.. എന്ന്

പ്രതികാരവാഞ്ചയോടെ പറഞ്ഞിട്ട്

"എസ് .എസ് .എൽ .സി ബുക്ക്

കൈപ്പറ്റിയിരിക്കുന്നു" എന്ന്

തനിമലയാളത്തിലെഴുതി ഒപ്പിട്ട്

മലയാളം സാറിനോട് പകവീട്ടി.



''നീ നന്നാവത്തില്ലെടാ ''എന്ന്

അന്ന് പറഞ്ഞത്

ഗുരുശാപമായിരുന്നെന്ന്

അന്നെനിക്കറിയില്ലായിരുന്നു സാറേ....



എഴുമ്പേറാതെ ഇന്നും

ഇടം വലം തിരിഞ്ഞു ഉറക്കം പരതുമ്പോൾ

ഇടിമിന്നൽ പോലെ ആ വാക്കുകൾ

എന്നെ എരിക്കുന്നു സാറേ...



തറുതല പറഞ്ഞതിനും

കുരുത്തക്കേടിനും

പതിരിനു വളം വയ്ക്കും പോലെ

മാപ്പ് ചോദിക്കുന്നു .

മനസ്സുനൊന്താണ്‌

സാറന്നങ്ങനെ പറഞ്ഞതെങ്കിൽ

ഒരിക്കലുമീ ഉമിത്തീ

കെടാതിരിക്കട്ടെ....