2012, ജൂൺ 1, വെള്ളിയാഴ്‌ച

.....ബലി....


നേരിയ ദർഭത്തണ്ടിൻ തുമ്പിൽ കുടുമ കെട്ടി

നീരൊഴിച്ചമ്മയേ കുളിപ്പിച്ചീറനാറ്റി

പട്ടിൽ നിന്നൂർത്ത നൂലാൽ ചേല ചുറ്റി

ചേലൊത്ത വാഴേലതൻ നടുവിൽ കിടത്തുന്നു..ഒന്നിൽ നിന്നിരട്ടിച്ചു പതിനൊന്നിൽ പാകം

ചന്ദനം,ജലവും,പൂവും കൊടുക്കുമ്പോൾ

ഉള്ളിലെ ഉടുക്കൊത്ത് എന്മനം ജപിക്കുന്നു

അമ്മയെന്നമ്മയെന്നായിരം മന്ത്ര സ്വനം..ഞാനെന്റെ കയ്യാൽ വേവിച്ചുരുട്ടി പാൽവാർത്തൊരാ-

മൂവുരളയിൽ ജന്മക്കടത്തേ വീട്ടീടുമ്പോൾ..

ചാരത്ത് കാറ്റായ് വന്നു ചിരിയോടരുളുന്നു

നീ വച്ചതുണ്ണാനമ്മ കാകനായ് കാത്തിരിപ്പൂ..പ്രാതലിൽ പഥ്യമില്ലാഞ്ഞാവണം

കരം തട്ടി ആനയിച്ചിട്ടും ചെറ്റു മടിച്ചെ-

ങ്കിലും വന്ന് ; ചോറുരളയും കൊത്തി

പറക്കുമ്പോൾ കണ്ണിൽ നീർപൊടിഞ്ഞതോ,

മേഘം മഴയായ് പൊഴിഞ്ഞതോ..?ഇരുട്ടിൽ ഇനിയില്ലെന്നോർത്തിരിക്കുമ്പോൾ

ദുഖം ഘനത്ത ശ്യാമാന്ധത പുതച്ച് കിടുങ്ങുമ്പോൾ

മുറ്റത്തെയസ്ഥിത്തറയിൽ ചെരാതിന്റെ

ചുണ്ടിലെ ചിരിയെന്റെ അമ്മയെന്നറിയുന്നു..