2010 ഒക്‌ടോബർ 19, ചൊവ്വാഴ്ച

മുത്തശ്ശിതെങ്ങ്

തെക്കേമുറ്റത്ത്
തടം നിറയെവളവുമായി
നനവുവറ്റാത്ത മണ്ണിൽ
എന്റെ മുത്തശ്ശി...


മൂന്ന് പതിറ്റാണ്ടിന്റെ
മൂപ്പെത്തിയ പൊക്കത്തിൽ
കരിയ്ക്കും,വെള്ളക്കയും
അടർത്താൻപാകമായതും....


മുത്തശ്ശന്റെ ''പാറോതി''....
ശേലുള്ളവളെന്നും
സ്നേഹമുള്ളവളെന്നും
ചാണകം മെഴുകിയ
തറയിലെ തപസ്സിൽ
ആത്മഗതം ശരീരിയാകും....


കള്ളുമൂക്കുന്ന
കാളരാത്രികളിൽ
പലരോടുള്ള പരിഭവം
തെറിമുതൽ
പാഴാങ്കംവരെയുള്ള
പലവിതാനങ്ങളിൽ
മറുപടിതേടാതെ
പറയുവാനൊരാശ്രയം.....


''ഇട്ടേച്ച്പോയല്ലോടീ
കഴുവെറടാമോളേ''...
എന്ന കുറ്റപ്പെടുത്തലിന്‌
പച്ചോലയാട്ടി
മറുപടിചൊല്ലിയെന്ന്
വെറുതേ ആശിക്കും.....


വഴിയളന്നുള്ള
വരവുകാണുമ്പോൾ
തലയിളക്കി
കാറ്റിലാടുന്നത്
മുടിയഴിച്ചുള്ള
പഴയകോപത്തോട്
സമംചേർക്കും....


കൊതവെട്ടിയ മൂപ്പരെ
ചെവിപൊട്ടുംവരെ
തെറിപറഞ്ഞിട്ട്
മുറിവായിൽ പച്ചമണ്ണ്
കണ്ണീരിൽചാലിച്ച് തേച്ചത്
ഇന്നുമെന്റെ കൺമുന്നിലുണ്ട്....


പൊരുളറിയാത്തൊരാ-
ത്മബന്ധമെന്ന്
ചെറുവാചകത്തിൽ
ഉപന്യസിച്ചാൽ
തെറ്റെന്ന് സമർത്ഥിക്കാൻ
ഇന്ന് മുത്തശ്ശനുമില്ല...


വിരഹംകൊണ്ട്
വേലികെട്ടി
പ്രണയംകൊണ്ട്
നനയ്ക്കുവാനാളില്ലാതെ
എള്ളിനും ചേമ്പിനുമൊപ്പം
പട്ടുപോയൊരു
പട്ടടതെങ്ങായിമാറി
എന്റെ മുത്തശ്ശനും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ