2010, ജൂലൈ 30, വെള്ളിയാഴ്‌ച

അവൾവികല ശബ്ദത്തിലായിരം വാക്കുകൾ
ഉലയൂതിവച്ച ഊമയാം പെൺകൊടി
അവളെന്റെ കാമിനി,ഭാഗഥേയത്തിനെ
പകുതി പങ്കേൽക്കാൻ ഞാൻ താലിചാർത്തിയൊൾ...

അവളെന്റെ മകളുടെ അമ്മയാണവളെന്റെ
കുടിലിനെകൊട്ടാരമാക്കി വാഴുന്നവൾ
കടലാഴമുള്ളൊരാ കണ്ണുകൊണ്ടായിരം
കഥ ചൊല്ലി മകളേ ഉറക്കികിടത്തിയോൾ

ഇരുളിന്റെ ശീലയുംചുറ്റി തഴപ്പായിൽ
ഇഴജന്തുവായി പിണയുമ്പൊഴും കാതിൽ
പ്രണയാർദ്രനായി പറഞ്ഞതിനൊക്കെയും
തംബുരുശ്രുതിപോലെ മൂളി മറുപടി നൽകിയോൾ

കോപിച്ചുമിണ്ടാതിരിക്കാതെയും......
കോപമേറുമ്പോൾ ചുമ്മാ ചിലക്കാതെയും
ആംഗ്യഭാഷയിൽ നളനും,ദമയന്തിയും
കെട്ടിയാടുമ്പോഴൂറുന്ന കണ്ണീരിനെ
പുഞ്ചിരിക്കൈലേസുകൊണ്ട് തുടയ്ക്കുന്നവൾ


കടലുപോലുംതൂർത്ത് കാശാക്കിമാറ്റുമീ
മരുഭൂമിയിൽ ചൂടിലുരുകുമ്പോഴും
ഉടലിന്റെദാഹം മറന്നെന്റെകത്തിനായ്
ദിനവും പടിയ്ക്കൽ കാതോർത്തിരുന്നവൾ

ടെലിഫോണിലൂടെയെൻ ചോദ്യത്തിനുത്തരം
ഉരിയാടുവാൻ കഴിയാതെ,ഒരുപാടു-
ചോദ്യങ്ങളുള്ളിലൊതുക്കിയെൻ
വരവിനായ് കാത്ത വേഴാമ്പലാണവൾ

അയലത്തുകാർക്കവൾ "പൊട്ടി"യാണെങ്കിലും
അവളെന്റെരാപ്പാടി..എനിക്കുമാത്രംകേൾക്കാൻ
അതിഗൂഢമായി പാടുന്നപാട്ടുകൾ
കരളുകൊണ്ടേയത് കേൾക്കാൻ കഴിയുള്ളൂ

അനുധാവനംചെയ്ത സീതയല്ല
ഇവളെന്റെ ഊർമ്മിള.....
ഒരു പുരാണത്തിലും പറയാതെപോയ
കണ്ണീർക്കണമിവൾ.......

സുനിലൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ