2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

അപ്പച്ചി

തിരുവോണത്തിന്റന്നുച്ചയ്ക്ക്

ആ കയ്യാലയും ഈ കയ്യാലയും ചാരാതെ

അച്ഛനെ കൈ പിടിച്ച് പിച്ചനടത്തിച്ച്

കൊച്ചപ്പച്ചിയേ കാണാൻ പോകും..മുറ്റത്ത് കാണുമ്പോ തന്നെ അപ്പച്ചി

കൊച്ചു കഴുവറടാ മോനേന്ന്

കെട്ടിപ്പിടിച്ച് ഉമ്മ തരും....അപ്പച്ചിക്ക് പൊയിലകൊടെടാന്ന്

അച്ഛന്റെ നാവുഴറുമ്പോൾ,

വടക്കൻ പൊയിലയുടെ

പൊതിയഴിച്ച് മണപ്പിച്ച്

അപ്പച്ചി അച്ചനേ കടുപ്പിച്ചൊന്നു നോക്കും..അകത്തെ മുറിയിൽ കൊണ്ട് പോയി

പടലയോടിരിഞ്ഞ പഴവും ഉപ്പേരിയും

കളിയോടക്കയും തന്ന്

മക്കളു തിന്നോന്ന് വാൽസല്യം ചൊരിയുംഅമ്മയോട് പിണങ്ങി

ഓണമുണ്ണാതെ വന്ന അച്ഛൻ

ഇച്ചേച്ചീ ഇച്ചിരി ചോറു താ എന്ന് പറയുംഅടുത്തിരുന്നു വിളമ്പിയൂട്ടുമ്പോൾ

അപ്പച്ചിയുടെ കണ്ണുകളിൽ

കൊച്ചനിയനോടുള്ള വാൽസല്യം തുളുമ്പുംകുടിച്ചു പേഞ്ഞ് കുടുമ്മം നോക്കാതെ നടന്നോടാ എന്ന്

അപ്പച്ചി ചീത്ത പറയുമ്പോൾ

പൊട്ടൻ ചിരിയോടെ അച്ഛനെന്നേക്കാൾ കുഞ്ഞാകും.അങ്ങനെ ഞാനങ്ങ് വളർന്നു

അപ്പച്ചിയും അച്ഛനും തളർന്നു..അപ്പച്ചി പോയന്ന്

പട്ടടയ്ക്കരുകിലിരുന്ന് വിങ്ങിക്കരഞ്ഞ

അച്ഛന്റെ നരച്ച മുടിയിഴകളിൽ തഴുകി

ഇളം കാറ്റ്എന്റെ കുഞ്ഞെന്തിനാടാ കരയുന്നത്

ഇച്ചേച്ചി കൂടെയുണ്ടെന്ന് കണ്ണീർ തുടയ്ക്കുന്നത്

ഞാൻ കണ്ടതാണ്‌..

ഉൾക്കണ്ണു കൊണ്ട്....